സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മനോജ്.കെ.ജയന്‍. ഒരു ദിവസം രാവിലെ തുടങ്ങിയ ഷൂട്ട് ഒരുപാട് നേരം നീണ്ടുപോയെന്നും മോഹന്‍ലാല്‍ അടക്കം ആഹാരം കഴിക്കാതെ ഇരുന്നെന്നും മനോജ് പറഞ്ഞു. അതോടൊപ്പം തന്നെ താന്‍ കുഴച്ചുവെച്ച ചീത്തയായി പോയ ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ഭക്ഷണത്തെ ദൈവമായി കാണണം എന്ന് എന്നെ പഠിപ്പിച്ച് തന്നത് ലാലേട്ടന്‍ ആണെന്ന് വേണമെങ്കില്‍ പറയാം. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ് സമയത്ത് ഷൂട്ട് ഒറ്റ സ്‌ട്രെച്ചില്‍ തീര്‍ക്കേണ്ടതായത് കൊണ്ട് രാവിലെ നേരത്തെ തുടങ്ങി. ബ്രേക്ക്ഫാസ്റ്റ് ലേറ്റ് ആവുകയും ചെയ്തു. ഷൂട്ട് തീര്‍ന്നപ്പോഴേക്കും നല്ല വിശപ്പായി.
അതുവരെ ലാലേട്ടനും കഴിച്ചില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ വന്നിട്ട്, നമുക്ക് കഴിച്ചാലോ എന്ന് ചോദിച്ചു. കടപ്പുറത്തായിരുന്നു ഷൂട്ട്. അവിടെ ഇരുന്ന് കഴിക്കാന്‍ സ്ഥലമില്ലായിരുന്നു. കഴിക്കാന്‍ വേണ്ടി അവിടെയുണ്ടായിരുന്ന വണ്ടിയില്‍ ഞാനും ലാലേട്ടനുംപോയിരുന്നു.
ഫുഡ് കൊണ്ടുവന്ന് വച്ചപ്പോള്‍ ഞാന്‍ ഇഡലി എടുത്തു അതിലേക്ക് ചമ്മന്തിയും ഒഴിച്ചു. താമസിച്ച് പോയത് കൊണ്ടാവും ചമ്മന്തി ചീത്തയായി പോയി. ഞാന്‍ അത് അറിയാതെയാണ് എടുത്ത് ഒഴിച്ചത്. അവസാനം എനിക്ക് കഴിക്കാന്‍ വയ്യാത്ത അവസ്ഥയായി. ലാലേട്ടന്‍ എന്നോട് എന്താ കഴിക്കാത്തതെന്ന് ചോദിച്ചു. ലാലേട്ടാ ഈ ചമ്മന്തി ചീത്തയായി എനിക്ക് കഴിക്കാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞപ്പോള്‍ എന്തിനാ മോനെ നീ ആ ചമ്മന്തി അത്രയും ഇഡലിയില്‍ ഒഴിച്ചത്. ഒരിക്കലും ഭക്ഷണം വേസ്റ്റാക്കരുത് എന്ന് പറഞ്ഞു.
എന്നിട്ട് എന്നോട് നീ അത് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. കഴിക്കാന്‍ പറ്റുന്നില്ല ലാലേട്ടാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍. എന്റെ കയ്യില്‍ നിന്നും അത് വാങ്ങി ഞാന്‍ കുഴച്ചുവച്ച ആ ഫുഡ് മുഴുവന്‍ അദ്ദേഹം കഴിച്ചു. ആരാണെങ്കിലും കഴിക്കാന്‍ മടിക്കുന്ന ആ ഭക്ഷണം ലാലേട്ടന്‍ മുഴുവനും കഴിച്ചു തീര്‍ത്തു. ഇന്ത്യ കണ്ട മഹാനടനാണ് ആ ഭക്ഷണം കഴിച്ചത്,’ മനോജ് പറഞ്ഞു.
content highlight: manoj k jayan about mohanlal