മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് മുരളി. തൊണ്ണൂറുകളിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മുരളിക്ക് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
മുരളിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ മനോജ് കെ. ജയൻ. മുരളിയോടൊപ്പം വെങ്കലം, ചമയം, വളയം തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന വേഷത്തിൽ മനോജ്.കെ. ജയൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മുരളിയുമായി സിനിമയിൽ കാണുന്ന ആത്മബന്ധം വ്യക്തിപരമായി തനിക്കുണ്ടായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം.
മുരളി ഒരു ബുദ്ധിജീവിയായിരുന്നുവെന്നും എന്നാൽ തന്റെ ക്യാരക്ടർ അതിൽ നിന്നെല്ലാം വേറിട്ടതായിരുന്നുവെന്നും മനോജ്.കെ. ജയൻ പറഞ്ഞു. മുരളി കടമ്മനിട്ട കവിതകളുടെ ആരാധകനായിരുന്നുവെന്നും മനോജ്.കെ.ജയൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുരളി ചേട്ടനൊപ്പം അത്യാവശ്യം സിനിമകൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. നാലഞ്ചു പടങ്ങൾ പ്രധാന വേഷത്തിൽ ചെയ്തിട്ടുണ്ട്. വെങ്കലം, വളയം, ചമയം. സ്നേഹ സാഗരം വേറെയുമുണ്ട് രണ്ടുമൂന്ന് പടങ്ങൾ.
പക്ഷെ മുരളി ചേട്ടനുമായി ഈ സിനിമയിൽ കാണുന്ന ആത്മബന്ധമൊന്നും വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടില്ല. ഞാൻ അങ്ങനെ എപ്പോഴും പുള്ളിയുടെ അടുത്ത് പോയി റൂമിൽ ഇരിക്കുകയൊന്നുമില്ല. അങ്ങനെയുള്ള എക്സ്പീരിയൻസൊന്നും എനിക്കില്ല.
കാരണം പുള്ളി കുറച്ചൊരു ബുദ്ധിജീവി ലൈനിലുള്ള ഒരാൾ ആയിരുന്നു. ഞാനാണെങ്കിൽ ബുദ്ധി ഇല്ലാത്ത ജീവിയാണ്( ചിരിക്കുന്നു). അപ്പോൾ ഞങ്ങൾ തമ്മിൽ സെറ്റാവില്ലായിരുന്നു. പുള്ളിക്ക് കടമ്മനിട്ട കവിതകളും അങ്ങനെയുള്ള ക്ലാസിക്ക് സാധനങ്ങളാണ് വേണ്ടത്. അങ്ങനെ കളിക്കുന്ന ഞാനൊക്കെ മുരളി ചേട്ടന്റെ അടുത്ത് പോയാൽ ശരിയാവില്ല,’മനോജ് കെ. ജയൻ പറയുന്നു.
Content Highlight: Manoj.k.jayan About Memories With Murali