Entertainment
കഥാപാത്രം ഉള്ളിൽ കയറി ആ നടി തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ചപ്പോൾ ഞാനാണ് രക്ഷിച്ചത്: മനോജ്.കെ.ജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 07:26 am
Monday, 27th January 2025, 12:56 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ്.കെ.ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സല്ലാപം എന്ന സിനിമയിൽ നടി മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മനോജ്.കെ.ജയൻ.

സിനിമയിൽ മഞ്ജുവിന്റെ കഥാപാത്രം ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു രംഗമുണ്ടെന്നും ആ സീനിൽ കഥാപാത്രം ഉള്ളിൽ കയറി മഞ്ജു തീവണ്ടിയുടെ മുന്നിൽ ചാടാൻ ശ്രമിക്കുന്നുണ്ടെന്നും മനോജ്.കെ.ജയൻ പറയുന്നു. ആ രംഗം കാണുമ്പോൾ ഇപ്പോഴും ടെൻഷനാണെന്നും ആ സീനിൻ ശേഷം മഞ്ജു ബോധംകെട്ട് വീണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആ ചിത്രത്തിലെ ക്ലൈമാക്സ് സീൻ ചിത്രീകരിക്കുന്ന സമയത്ത് വലിയൊരു അപകടത്തിൽ നിന്നാണ് മഞ്ജു രക്ഷപ്പെട്ടത്. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ഞാൻ കൈപിടിച്ചുകയറ്റി എന്ന് അടുത്തിടെ ഒരു ചാനൽ ഷോയിൽ മഞ്ജു പറയുന്നത് കേട്ടു. ആ സീൻ കാണുമ്പോൾ ഇപ്പോഴും ഞെട്ടലാണ്. ഷൊർണൂർ പാലത്തിനടുത്തുള്ള റെയിൽവേ ട്രാക്കിനടുത്തായിരുന്നു ചിത്രീകരണം.

തീവണ്ടിയുടെ മുന്നിലേക്കെടുത്തുചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന മഞ്ജുവിന്റെ കഥാപാത്രമായ രാധയെ ഞാൻ രക്ഷിക്കുന്നതായിരുന്നു സീൻ. നാല് ക്യാമറകൾ വെച്ചാണ് ചിത്രീകരണം. ആ സീൻ ചിത്രീകരിക്കുമ്പോൾ കഥാപാത്രം ഉള്ളിലേക്ക് കയറി മഞ്ജു തീവണ്ടിക്ക് മുന്നിലേക്ക് എടുത്തുചാടാൻനോക്കി.

ഞാൻ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ശക്തിയായി അവൾ കുതറിക്കൊണ്ടിരുന്നു. ആ ബലപ്രയോഗത്തിൽ ഞങ്ങൾ രണ്ടുപേരും തീവണ്ടിയുടെ തൊട്ടടുത്തേക്ക് പലവട്ടം തെന്നിപ്പോയി. ആ സീൻ കഴിഞ്ഞതോടെ അവൾ ബോധംകെട്ടുവീണു.

സർവശക്തിയുമുപയോഗിച്ച് പിടിച്ചുമാറ്റിയതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആള് മാറുമെങ്കിലും സെറ്റിൽ വളരെ കൂൾ ആൻഡ് സെൻസിറ്റീവാണ് മഞ്ജു. ചെറിയ കാര്യം മതി പൊട്ടിച്ചിരിക്കാൻ.

സല്ലാപത്തിൽ മഞ്ജുവിൻ്റെ കഥാപാത്രത്തിന്റെ പ്രണയമറിഞ്ഞ് ചേട്ടനായ ഞാൻ ഉപദേശിക്കുന്ന ഒരു സീനുണ്ട്. വളരെ സീരിയസായ സീനായിരുന്നു അത്. അതെടുക്കുമ്പോൾ,അവളൊരു ഡയലോഗ് പറയുമ്പോൾ ഞാൻ വെറുതേ ഒരു കോക്രി കാണിച്ചു. ആ സമയമായാൽ അവൾ പൊട്ടിച്ചിരിക്കാൻതുടങ്ങും. പിന്നീട് ശരിയാക്കാൻ പലതവണ ടേക്ക് എടുക്കേണ്ടിവന്നു,’മനോജ്.കെ.ജയൻ പറയുന്നു.

 

Content Highlight: Manoj.k.jayan About Manju Warrior