1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മനോജ് കെ. ജയന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് ഫാന്റം എന്ന സിനിമയിലെ എസ്.ഐ. സെബാസ്റ്റ്യന്‍. അതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് മനോജ് കെ. ജയന്‍ ഫാന്റത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മൊട്ടയടിച്ച് മീശ മാത്രം വെച്ചാണ് സെബാസ്റ്റ്യനെ മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്.
മമ്മൂട്ടിയെപ്പോലൊരു വലിയ നടന്റെ ഓപ്പോസിറ്റില്‍ വില്ലനായി അഭിനയിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് മൊട്ടയടിച്ചതെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. ആ ക്യരക്ടറിനെ ആളുകള്‍ ശ്രദ്ധിക്കണമെങ്കില്‍ അങ്ങനെ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് സെറ്റില്‍ വെച്ചാണ് തോന്നിയതെന്നും താരം പറഞ്ഞു.
സംവിധായകനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും അത് ഓക്കെയായെന്നും അക്കാരണം കൊണ്ട് മൊട്ടയടിച്ച് മീശ മാത്രം വെച്ചെന്നും മനോജ് കെ.ജയന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫാന്റത്തില്‍ മമ്മൂക്കയുടെ വില്ലനായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പുള്ളിയുടെ ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ നമ്മള്‍ നന്നായി പാടുപെടും. നമ്മളെയും ശ്രദ്ധിക്കണമെങ്കില്‍ ആ ക്യാരക്ടറിനെ വെറൈറ്റിയായി പ്രസന്റ് ചെയ്യണം. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് മൊട്ടയടിച്ച് മീശ മാത്രം വെച്ചാലോ എന്ന് ആലോചിച്ചത്. അതിന്റെ ഡയറക്ടറെ വിളിച്ച് ഈ കാര്യം ചോദിച്ചു.
‘ചേട്ടന്‍ സീരിയസായിട്ടാണോ മൊട്ടയടിക്കാമെന്ന് പറഞ്ഞത്’ എന്ന് എന്നോട് ചോദിച്ചു. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെയാണ് സെബാസ്റ്റ്യന്‍ എന്ന ക്യാരക്ടറിന്റെ ലുക്ക് ഉണ്ടാകുന്നത്. ഷൂട്ടിങ് സ്‌പോട്ടില്‍ വെച്ച് ഞാനെടുത്ത തീരുമാനമായിരുന്നു അത്. ആ സമയത്ത് അങ്ങനെ ചെയ്യാന്‍ തോന്നി, ഡയറക്ടറോട് ചോദിച്ചിട്ട് ചെയ്തു. അത്രയേ ഉള്ളൂ,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan about his getup in Phantom movie