Entertainment
അത്രയും വൃത്തികെട്ട വില്ലന്‍ വേഷമായതുകൊണ്ട് ഒഴിവാകാന്‍ നോക്കി, പക്ഷേ ആ കഥാപാത്രം ഹീറോയിക് വില്ലനായിരുന്നു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 11:33 am
Monday, 27th January 2025, 5:03 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മനോജ് കെ. ജയന്‍ വില്ലനായെത്തിയ ചിത്രമായിരുന്നു വളയം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മുരളിയായിരുന്നു നായകന്‍. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. സര്‍ഗം പോലൊരു സിനിമ ചെയ്തതിന് ശേഷം തന്നെ തേടിവന്ന കഥയായിരുന്നു വളയമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

വളരെ വൃത്തികെട്ട കഥാപാത്രമായിരുന്നു അതെന്നും ആ വേഷം താന്‍ ഒഴിവാക്കാന്‍ നോക്കിയെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കഥാപാത്രം ഹീറോയിക് വില്ലനാണെന്ന് ലോഹിതദാസ് തന്നോട് പറഞ്ഞെന്നും അക്കാരണം കൊണ്ട് താന്‍ ആ വേഷം ചെയ്‌തെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു അതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

മുരളിയുടെ കൂടെ കട്ടക്ക് പിടിച്ചുനില്‍ക്കുന്ന കഥാപാത്രമായിരുന്നു തന്റേതെന്നും ഇന്റര്‍വെല്‍ സീനില്‍ താനും മുരളിയും തമ്മിലുള്ള ഫേസ് ഓഫ് സീനായിരുന്നു ആ സിനിമയുടെ ഹൈലൈറ്റെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. തനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ വളയത്തിലൂടെ തേടിയെത്തിയെന്നും ആ സിനിമ കരിയറില്‍ വളരെ നല്ലൊരു പങ്ക് വഹിച്ചെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘വളയം എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതായിരുന്നു. വില്ലന്‍ വേഷമായിരുന്നു ആ സിനിമയില്‍. സര്‍ഗം എന്ന സിനിമ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. വളയത്തിലാണെങ്കില്‍ വൃത്തികെട്ട വില്ലനായിരുന്നു. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കിയതായിരുന്നു.

പക്ഷേ, അതൊരു ഹീറോയിക് വില്ലനാണെന്ന് പറഞ്ഞത് ലോഹി സാറായിരുന്നു. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് ബോധ്യപ്പെടുത്തിയതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്തു. മുരളി ചേട്ടനായിരുന്നു നായകന്‍. പുള്ളിയുടെ കൂടെ കട്ടക്ക് പിടിച്ചുനില്‍ക്കുന്ന വേഷമായിരുന്നു എന്റേത്. ആ പടത്തിന്റെ ഇന്റര്‍വെല്‍ എന്ന് പറയുന്നത് ഞാനും മുരളി ചേട്ടനും തമ്മിലുള്ള ഫേസ് ഓഫ് സീനാണ്. ആ പടം എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ തന്നു,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan about his character in Valayam movie