ആ സിനിമയിലേക്ക് തെരഞ്ഞെടുത്ത എക്‌സൈറ്റ്‌മെന്റില്‍ റിഹേഴ്‌സല്‍ പോലും ചെയ്യാതെയാണ് സെറ്റില്‍ പോയത്, അത് പണിയായി: മനോജ് കെ. ജയന്‍
Entertainment
ആ സിനിമയിലേക്ക് തെരഞ്ഞെടുത്ത എക്‌സൈറ്റ്‌മെന്റില്‍ റിഹേഴ്‌സല്‍ പോലും ചെയ്യാതെയാണ് സെറ്റില്‍ പോയത്, അത് പണിയായി: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th August 2024, 10:47 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മനോജ് കെ. ജയന്റെ കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയായിരുന്നു 1993ല്‍ പുറത്തിറങ്ങിയ സര്‍ഗം. ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് മനോജ് കെ. ജയന്‍ സ്വന്തമാക്കി. ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മനോജ് കെ. ജയന്‍. ചിത്രത്തില്‍ തന്നെ സെലക്ട് ചെയ്തുവെന്ന് അറിയിച്ചത് സംവിധായകന്‍ ഹരിഹരനായിരുന്നെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

കോഴിക്കോട് ഒരു ഹോട്ടലില്‍ വെച്ച് ആ കഥാപാത്രത്തിന്റെ മാനറിസത്തെപ്പറ്റി വിശദീകരിച്ചുവെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. എന്നാല്‍ ആ സമയത്തെ എക്‌സൈറ്റ്‌മെന്റില്‍ സെലക്ട് ചെയ്ത കാര്യം എല്ലാ സുഹൃത്തുക്കളോടും പറഞ്ഞു നടക്കുകയായിരുന്നുവെന്നും റിഹേഴ്‌സലൊന്നും ചെയ്യാതെയാണ് സെറ്റിലേക്ക് പോയതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ ഷോട്ട് തന്നെ രണ്ടുമൂന്ന് ടേക്ക് പോകേണ്ടി വന്നുവെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സര്‍ഗത്തിലേക്ക് ഞാന്‍ സെലക്ടായെന്ന് പറഞ്ഞത് ഹരിഹരന്‍ സാറാണ്. കോഴിക്കോട് അപ്‌സര ഹോട്ടലിലേക്ക് എന്നെ വിളിച്ച് കുട്ടന്‍ തമ്പുരാന്‍ എന്ന ക്യാരക്ടറിനെക്കുറിച്ച് ഒരു ബ്രീഫിങ് തന്നു. ആളൊരു തമ്പുരാനാണ്, അധികം സംസാരിക്കാത്തയാളാണ് എന്ന് പറഞ്ഞു. ആ ക്യാരക്ടര്‍ ബീഡി വലിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചുതന്നു. ബീഡി വലിക്കാത്ത സമയത്ത് മുറുക്കാന്‍ വായിലുണ്ടാകുമെന്നും ഹരി സാര്‍ പറഞ്ഞു. താടി താഴ്ത്തിയാണ് എപ്പോഴും ഇരിക്കുന്നതെന്നും മുഖത്ത് നോക്കാതെയാണ് സംസാരമെന്നും പറഞ്ഞു.

ഞാന്‍ ഇതൊക്കെ കേട്ടിട്ട് നാട്ടിലെത്തി എല്ലാവരോടും ഈ സിനിമയെപ്പറ്റിയും എന്റെ ക്യാരക്ടറിനെപ്പറ്റിയും എല്ലാവരോടും പറഞ്ഞു നടന്നു. റിഹേഴ്‌സല്‍ ഒന്നും ചെയ്തില്ലായിരുന്നു. നേരെ സെറ്റിലെത്തി. ആദ്യ ഷോട്ട് തന്നെ നെടുമുടി വേണു ചേട്ടന്റെയടുത്ത് ചെന്ന് മുറുക്കിത്തുപ്പുന്ന സീനായിരുന്നു. അത് മൂന്നുനാല് ടേക്ക് പോയി. ഹരി സാര്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan about his character in Sargam movie and director Hariharan