| Sunday, 11th August 2024, 10:04 am

ദിഗംബരനെപ്പോലെ പലര്‍ക്കും ഇഷ്ടപ്പെട്ട എന്റെ മറ്റൊരു കഥാപാത്രമാണ് അത്, ഇന്നത്തെ തലമുറയിലെ പലര്‍ക്കും ആ സിനിമയെക്കുറിച്ചറിയില്ല: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥനമാക്കി ചെയ്ത ചിത്രം മലയാളത്തിലെ മികച്ച ഫാന്റസി ചിത്രങ്ങളിലൊന്നാണ്. ദിഗംബരന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് അനന്തഭദ്രത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദിഗംബരന്‍.

ഇന്നത്തെ തലമുറയിലെ പലര്‍ക്കും ദിഗംബരനെ മാത്രമേ ഓര്‍മയുള്ളൂവെന്നും 90കളിലെ ആളുകള്‍ ദിഗംബരനെപ്പോലെ ആഘോഷിക്കുന്ന തന്റെ കഥാപാത്രമാണ് സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. സര്‍ഗം എന്ന സിനിമയെക്കുറിച്ചും കുട്ടന്‍ തമ്പുരാനെക്കുറിച്ചും ഇന്നത്തെ തലമുറയിലെ പലര്‍ക്കും അറിയില്ലെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ കരിയറില്‍ കിട്ടിയ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദിഗംബരന്‍. ആ ക്യാരക്ടറിനെ ഇത്രക്ക് ഗംഭീരമാക്കിയതില്‍ സന്തോഷ് ശിവന്‍, പട്ടണം റഷീദ് എന്നിവര്‍ക്കും വലിയ പങ്കുണ്ട്. അതിനൊപ്പം കുറച്ച് ഭാഗ്യത്തിന്റെ കടാക്ഷവുമുണ്ട്. സിനിമ ഇറങ്ങിയ സമയത്ത് പല അമ്മമാരും കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി ദിഗംബരനെപ്പറ്റി പറയുമായിരുന്നു. ഇന്നത്തെ തലമുറയിലെ പലര്‍ക്കും എന്റെ ഫെമിലിയറായിട്ടുള്ള കഥാപാത്രം ദിഗംബരനാണ്.

90കളിലെ ആളുകള്‍ക്ക് കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തോടായിരുന്നു ക്രേസ്. എന്റെ കരിയറിലെ മറ്റൊരു ഗംഭീര ക്യാരക്ടറാണത്. പക്ഷേ ഇന്നത്തെ തലമുറയിലെ പലര്‍ക്കും സര്‍ഗം എന്നൊരു സിനിമയുണ്ടെന്നോ കുട്ടന്‍ തമ്പുരാന്‍ എന്ന ക്യാരക്ടര്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്നോ അറിയില്ല. രണ്ട് കഥാപാത്രങ്ങളെയും ആഘോഷിക്കുന്നവരുമുണ്ട്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan about his character in Sargam movie

We use cookies to give you the best possible experience. Learn more