| Tuesday, 22nd November 2022, 3:37 pm

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ എനിക്ക് വെച്ച കഥാപാത്രം മുകേഷിന് പോയി, പ്രകാശ് രാജിന് വേണ്ടി പറഞ്ഞുവെച്ചത് എനിക്ക് തന്നു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനന്തഭദ്രത്തിലെ ദിഗംബരനും സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും പോലെയുള്ള കഥാപാത്രങ്ങളാണ് മിക്ക പ്രേക്ഷകര്‍ക്കും ഇഷ്ടമെന്നും എന്നാല്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ചില കഥാപാത്രങ്ങള്‍ തന്റെ ലിസ്റ്റിലുണ്ടെന്നും പറയുകയാണ് മനോജ് കെ. ജയന്‍. റോക്ക് ആന്‍ഡ് റോളിലെ സെയ്താപ്പേട്ട ഗിരി അതുപോലെയൊരു കഥാപാത്രമാണെന്നും പ്രകാശ് രാജിനായി പറഞ്ഞുവെച്ച കഥാപാത്രത്തിലേക്ക് പിന്നീട് തന്നെ വിളിക്കുകയായിരുന്നു എന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞു.

‘റോക്ക് ആന്‍ഡ് റോളില്‍ മുകേഷിന്റെ കഥാപാത്രം ചെയ്യാനായിട്ടാണ് എന്നെ വിളിച്ചത്. എന്നാല്‍ ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ വിട്ടു. ആ സിനിമ കയ്യില്‍ നിന്നും പോയതാണെന്ന് കരുതിയതാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഷൂട്ടിങ് അവര്‍ തുടങ്ങി. അപ്പോള്‍ രഞ്ജി എന്നെ വീണ്ടും വിളിച്ചു. ഇത്രയും വലിയ ക്യാരക്ടര്‍ ചെയ്യാന്‍ നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, വേറൊരു കഥാപാത്രമുണ്ട്, പ്രകാശ് രാജിനെ കൊണ്ട് ചെയ്യിക്കാനിരുന്നതാണ്. നിനക്ക് ചെയ്യാന്‍ പറ്റുമോ, നാലഞ്ച് ദിവസം മതിയെന്ന് പറഞ്ഞു. കഥാപാത്രം പറഞ്ഞപ്പോള്‍ ഉറപ്പായിട്ടും വരാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്തതാണ്.

സെയ്താപ്പേട്ട ഗിരി എന്ന കഥാപാത്രമായിരുന്നു ഞാന്‍ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. പാട്ട് പാടാന്‍ വേണ്ടി മദ്രാസില്‍ പോയിട്ട് ഒരു പാട്ടും കിട്ടാതെ അറിയാന്മേലാത്ത ഒരു റൗഡിയെ ഇടിച്ച് നിരത്തിയിട്ട്, പിന്നീട് അറിയുകയാണ് ഇടിച്ചത് ഇവിടുത്തെ ഏറ്റവും വലിയ റൗഡിയെ ആയിരുന്നു എന്ന്. അങ്ങനെ അവിടുത്തെ റൗഡി ആയി മാറുന്ന കഥാപാത്രമാണ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ചിത്രത്തില്‍ ജഗതിക്കൊപ്പമുള്ള രസകരമായ ഷൂട്ടിങ് അനുഭവവും മനോജ് പങ്കുവെച്ചു. ‘ആ സീനില്‍ കോപ്പിയടിച്ച സാധനം തന്നെ സുരാജ് പാടിക്കൊണ്ടിരിക്കുകയാണ്. അവസാനം ലാലേട്ടന് സഹികെടും. ഇവനെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, ഇവനെ അങ്ങ് കൊന്നുകളഞ്ഞേക്കാന്‍ ലാലേട്ടന്‍ പറയും. ഈ പാട്ടിന്റെ കമ്പോസിഷന്‍ കഴിയുമ്പോള്‍ ഇവനെ ഞാന്‍ കൊന്നു കുഴിച്ചു മൂടും എന്ന് ഞാന്‍ അപ്പോള്‍ പറയും. അപ്പോള്‍ ജഗതി ചേട്ടന്റെ ഒരു ഡയലോഗ് ഉണ്ട്, എന്നിട്ട് ഓന്റെ ഖബറിലെഴുതി വെക്കണം, അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, നായിന്റെ മോനേ( ചിരിക്കുന്നു). അത് കുറച്ച് ഇമ്പ്രൊവൈസേഷനായിരുന്നു. ഞങ്ങള്‍ ചിരി പിടിച്ച് നിര്‍ത്തിയത് ഒരു വിധത്തിലാണ്. അത് നല്ല രസമുള്ള സീനാണ്,’ മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

ഷെഫീക്കിന്റെ സന്തോഷമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മനോജ് കെ. ജയന്റെ ചിത്രം. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: manoj k jayan about his character in rock n roll movie

We use cookies to give you the best possible experience. Learn more