ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം കൂടിയാണ് ചട്ടമ്പിനാട്.
സുരാജ് വെഞ്ഞാറമൂടിന്റെ ഐകോണിക് കോമഡി കഥാപാത്രമായ ദശമൂലം ദാമു എന്ന കഥാപാത്രം ചട്ടമ്പിനാടിൽ നിന്നുണ്ടായതാണ്. മമ്മൂട്ടി,സിദ്ധിഖ്,റായ് ലക്ഷ്മി, സലിം കുമാർ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ മനോജ്.കെ.ജയനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മനോജ്.കെ. ജയൻ. ഒരിക്കൽ താൻ ഷൂട്ടിങ് റെഡിയായി ലൊക്കേഷനിലേക്ക് പോയപ്പോൾ , മലയാള സിനിമയിൽ സിനിമ നടന്മാരെ പോലെ നടക്കുന്ന ഏക നടൻ താനാണെന്ന് മമ്മൂട്ടി പറഞ്ഞെന്ന് പറയുകയാണ് മനോജ്.കെ.ജയൻ. മമ്മൂട്ടി പറഞ്ഞതുകൊണ്ട് താനതൊരു കോംപ്ലിമെന്റായി എടുത്തെന്നും മനോജ്.കെ.ജയൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്ന് ചട്ടമ്പി നാടിന്റെ ഷൂട്ട് നടക്കുകയാണ്. പൊള്ളാച്ചിയിൽ വെച്ചാണ് ഷൂട്ട് നടക്കുന്നത്. എനിക്കന്ന് ഒരു പതിനൊന്ന് മണിക്കാണ് വർക്കുള്ളത്. മമ്മൂക്കയും സിദ്ധിക്കും അവിടെ ഇരിക്കുകയായിരുന്നു. ഞാൻ നടന്ന് അവരുടെ അടുത്തേക്ക് പോവുമ്പോൾ രണ്ടുപേരും നല്ല ചിരിയാണ്. എന്നെ നോക്കി വലിയ ചിരിയാണ്. എന്നെ നോക്കി എന്തൊക്കെയോ പറയുന്നുമുണ്ട്.
അടുത്തെത്തിയപ്പോൾ ഞാൻ അവരോട് ചോദിച്ചു, എന്താണ് കാര്യമെന്ന്. അപ്പോൾ മമ്മൂക്ക പറഞ്ഞു, ഞാൻ സിദ്ധിഖിനോട് പറയുകയായിരുന്നു നമ്മുടെ സിനിമയിൽ സിനിമ നടന്മാരെ പോലെ നടക്കുന്ന ഏക വ്യക്തി മനോജ്.കെ.ജയൻ ആണെന്ന്. മമ്മൂക്കയാണ് അത് പറഞ്ഞത്. ഞാൻ അതൊരു കോംപ്ലിമെന്റായിട്ട് എടുത്തു,’മനോജ്.കെ.ജയൻ പറയുന്നു.
അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് മനോജ്.കെ.ജയന്റെ പുതിയ ചിത്രം. ബേസിൽ ജോസഫ്, സിദ്ധിഖ്, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഇടവേളക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയാണ്. ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും.
Content Highlight: Manoj.k.jayan About chatambi nadu movie location memories