തിരുവനന്തപുരം: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത മനോജ് ചരളേലിനെ സി.പി.ഐ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത് പാര്‍ട്ടി.
സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ആയാണ് മനോജിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന സമയത്താണ് എം.എല്‍.എയെ ജാതീയമായി അധിക്ഷേപിച്ച് കൊണ്ട് പ്രതിശ്രുത വധുവിനോട് മനോജ് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ഇതിനെ തുടര്‍ന്ന് മനോജിനെ സി.പി.ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Dont Miss ഒന്നുകില്‍ ജയിലിലടക്കും, അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ കൊല്ലും: യു.പിയിലെ കുറ്റവാളികള്‍ക്കെതിരെ യോഗി ആദിത്യനാഥിന്റ ഭീഷണി
സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിന് ശേഷം പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ച് വന്ന മനോജിനെ ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വെച്ചൂച്ചിറയില്‍ വെച്ച് നടന്ന മണ്ഡലം സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറിയായി മനോജിനെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ പറഞ്ഞു.
മനോജിനെ സസ്പെന്‍ഡ് ചെയ്തതും തിരിച്ചെടുത്തതും പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും അതിനുള്ള അധികാരം അതാത് ജില്ലാ കമ്മിറ്റികള്‍ക്കാണെന്നും സി.പി.ഐ നേതാവ് പി.പ്രസാദ് അറിയിച്ചു.
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ, മനോജ് ചരളേല്‍ ജാതീയമായി അധിക്ഷേപിക്കുന്നതിന്റെ ഫോണ്‍ സംഭാഷണ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും പ്രശ്നം വലിയ വിവാദമാകുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് പ്രശ്നത്തിലിടപെട്ട സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മനോജ് ചരളേലിനെതിരെ ആവശ്യമായ നടപടികളെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ മനോജ് ചരളേല്‍ വിശദീകരണം നല്‍കിയെങ്കിലും ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലടക്കം ആവശ്യമുയര്‍ന്നിരുന്നു. മനോജ് ചരളേലിനെതിരെയുള്ള നടപടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഏകകണ്ഠേനെ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി മൂന്നിന് യുവതിയുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ചോര്‍ന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടൂര്‍ റവന്യൂ സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന റാലിക്ക് പോയില്ലേയെന്ന് യുവതി ചോദിക്കുന്നതു മുതലാണ് സംഭാഷണം തുടങ്ങുന്നത്.
സമ്മേളനത്തിന്റെ അധ്യക്ഷന്‍ എം.എല്‍.എയാണെന്ന് യുവതി പറയുമ്പോള്‍ “ആ പന്നപ്പുലയനെ കണ്ടാല്‍ അന്ന് വെള്ളം കുടിക്കില്ല, അതുകൊണ്ട് അങ്ങോട്ട് വരണമേയെന്നില്ല” എന്ന് മറുപടി പറയുന്ന മനോജിന്റെ സംഭാഷണമാണ് വിവാദത്തിലായത്.