അമൃത്‌സര്‍: കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. മരിച്ചവര്‍ തിരിച്ചുവരില്ലെന്നും ഒരു ഉപകാരവുമില്ലാത്ത മരണക്കണക്കുകള്‍ പറയുന്നതില്‍ എന്താണ് കാര്യമെന്നും ഖട്ടര്‍ ചോദിച്ചു.
‘അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കണക്കുകള്‍ക്കുമേലെ തര്‍ക്കിച്ചിട്ട് ഒരു കാര്യവുമില്ല. ആളുകളെ എങ്ങനെ രോഗത്തില്‍ നിന്ന് രക്ഷപ്പെടുത്താം എന്നാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ ഖട്ടര്‍ പറഞ്ഞു.
ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ മരണ നിരക്കെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖട്ടര്‍.
‘മരിച്ചവര്‍ ഒരിക്കലും തിരിച്ച് വരില്ല. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മരിച്ചവരുടെ കണക്കുകള്‍ കൂടുതലാണോ കുറവാണോ എന്ന് തര്‍ക്കിക്കേണ്ട ആവശ്യമില്ല,’ ഖട്ടര്‍ പറഞ്ഞു.
തിങ്കളാഴ്ച ഹരിയാനയില്‍ 75 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഹരിയാനയില്‍ കൊവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തിങ്കളാഴ്ച 11,504 കൊവിഡ് കേസുകളും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം ഹിസാറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ആണ്. ഗൂര്‍ഗോണിലും സിര്‍സയിലും ഏഴ്‌പേര്‍ വീതവും ഫരീദാബാദ്, സോണിപത്, ഫത്തേഹാബാദ് ജില്ലകളില്‍ നിന്ന് ആറ് പേര്‍ വീതവുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഖട്ടര്‍ തിങ്കളാഴ്ച പറഞ്ഞത് ഹരിയാനയില്‍ ഓക്‌സിജന്റെ അളവില്‍ കുറവ് ഇല്ലെന്നാണ്. അതേസമയം, കേന്ദ്രത്തിനയച്ച അവശ്യ വസ്തുക്കളുടെ ലിസ്റ്റില്‍ ഓക്‌സിജനും റെംഡിസിവിര്‍ മരുന്നും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക