|

മനോഹര്‍ പരീക്കറിന്റെ മരണം; തിങ്കളാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടനുബന്ധിച്ച് മാര്‍ച്ച് 18ന് ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടനുബന്ധിച്ച് നാളെ കാലത്ത് 10 മണിക്ക് കേന്ദ്ര മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

“രാജ്യത്തിന്റെയും, വിവിധ സംസ്ഥാനങ്ങളുടേയും, കേന്ദ്ര ഭരണപ്രദേശങ്ങളിലേയും തലസ്ഥാനത്ത് ദേശീയ പതാക പകുതി ഉയരത്തില്‍ താഴ്ത്തിക്കെട്ടണം. മാര്‍ച്ച് 18 രാവിലെ 10 മണിക്ക് കേന്ദ്ര മന്ത്രിസഭ ചേരും”, കേന്ദ്രത്തില്‍ നിന്നുള്ള കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തു വിട്ടത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇനിയും മരണവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Also Read ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചു; പരീക്കറിന് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

പരീക്കറിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനഥ് കോവിന്ദിനെ കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തില്‍ ആത്ഥമാര്‍ഥതയുടേയുംസമര്‍പ്പണത്തിന്റെയും സംക്ഷിപ്തരൂപമായിരുന്നു പരീക്കറെന്ന് രാഷ്ട്രപതി പറഞ്ഞു.

ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

“ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ബഹുമാനിക്കപ്പെട്ട അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാന്‍ പങ്കു ചേരുന്നു” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം.

രോഗബാധിതനായിരിക്കെ പരീക്കറിനെ രാഹുല്‍ ഗാന്ധി ഗോവയിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.

Latest Stories