| Saturday, 1st July 2017, 1:02 pm

മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് ടെലിവിഷന്‍ അവതാരകന്റെ പരിഹാസം; ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ കാരണം ടെലിവിഷന്‍ അവതാരകന്റെ പരിഹാസമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. അക്രമണം 15 മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തതാണെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.


Also read ഇതാണ് മാര്‍ക്കറ്റിങ്ങിന്റെ ശക്തി; പുതിയ നികുതി ഏര്‍പ്പെടുത്തിയത് ആഘോഷിക്കുന്ന സര്‍ക്കാറുള്ള ഏക രാജ്യം: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മിന്നലാക്രമണം നടത്തിയതിന്റെ യഥാര്‍ത്ഥ കാരണം ടെലിവിഷന്‍ അവതാരകന്റെ പരിഹാസമാണെന്ന് പരീക്കര്‍ വെളിപ്പെടുത്തിയത്. നേരത്തെ സൈനിക താവളങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ തിരിച്ചടിയെന്നോണമായിരുന്നു മിന്നലാക്രമണം എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് 15 മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് പരീക്കര്‍ പറയുന്നത്.

“2015ല്‍ മണിപ്പൂരിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ തീവ്രവാദ വിഭാഗമായ എന്‍.എസ്.സി.എന്‍ കെ നടത്തിയ ഒളിയാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ആദ്യ മിന്നലാക്രമണം ആസൂത്രണം ചെയ്തു. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയ ഈ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 70-80 തീവ്രവാദികളെ വധിച്ചു.”


Dont miss കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളാന്‍ കേന്ദ്രം തയ്യാറാകണമെന്ന് വി.എസ്


ഈ സൈനിക നീക്കം വന്‍ വിജയമായിരുന്നെന്നും ഇതേത്തുടര്‍ന്ന് നടത്തിയ ഒരു ചാനല്‍ അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ചാനല്‍ അവതാരകന്‍ ഉന്നയിച്ച ചോദ്യം വളരെ പ്രകോപനപരമായിരുന്നെന്നും പരീക്കര്‍ പറയുന്നു.

“മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയതുപോലുള്ള ഒരു ആക്രമണം പാക് അതിര്‍ത്തിയില്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ ചോദ്യമാണ് 15 മാസങ്ങള്‍ക്കു ശേഷം നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് പ്രേരണയായത്.” പരീക്കര്‍ പറയുന്നു.


You must read this ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


സമയം വരുമ്പോള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കണമെന്ന് അപ്പോള്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്നും പരീക്കര്‍ അവകാശപ്പെട്ടു. “അക്രമത്തിനായി കൂടുതല്‍ പട്ടാളത്തെയും കൂടുതല്‍ ആയുധങ്ങളും തയ്യാറാക്കി. വെടിയുതിര്‍ക്കുന്ന പാകിസ്താന്‍ പട്ടാളത്തിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക റഡാര്‍ സംവിധാനം ആദ്യമായി ഉപയോഗിച്ചത് 2016 സെപ്തംബര്‍ 29ന് നടന്ന ഈ മിന്നലാക്രമണത്തിലായിരുന്നു” പരീക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more