| Friday, 21st January 2022, 7:58 pm

ഗോവയില്‍ ബി.ജെ.പിക്ക് വമ്പന്‍ തിരിച്ചടി; ഉത്പല്‍ പരീക്കര്‍ പാര്‍ട്ടി വിട്ടു; ബി.ജെ.പിക്കെതിരെ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാസ്‌കോ: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ പാര്‍ട്ടി അംഗത്വം രാജി വെച്ചു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഉത്പലിന്റെ രാജി.

പരീക്കര്‍ കുടുബത്തിന്റെ പരമ്പരാഗത മണ്ഡലവും അച്ഛന്‍ മനോഹര്‍ പരീക്കര്‍ അഞ്ച് തവണ മത്സരിച്ച പനാജി മണ്ഡലം തനിക്ക് വേണമെന്നായിരുന്നു ഉത്പല്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, മനോഹര്‍ പരീക്കറിന്റെ എക്കാലത്തേയും വലിയ രാഷ്ട്രീയ എതിരാളിയും, മുന്‍ കോണ്‍ഗ്രസ് നേതാവും, 2019ല്‍ പാര്‍ട്ടിയിലെത്തിയ ആറ്റാന്‍സിയോ ‘ബാബുഷ്’ മോന്‍സറേട്ടിനൊയിരുന്നു ബി.ജെ.പി പനാജിയില്‍ പരിഗണിച്ചത്.

ആവശ്യപ്പെട്ട സീറ്റ് നിഷേധിച്ച നടപടിക്കെതിരെ ഉത്പല്‍ വിമതസ്വരം ഉയര്‍ത്തിയിരുന്നു. എന്നിട്ടും പാര്‍ട്ടി തീരുമാനം മാറ്റാത്തതോടെയാണ് ഉത്പല്‍ പാര്‍ട്ടി വിട്ടത്.

Goa Polls: Utpal Parrikar And The Significance Of Panaji Seat - India Ahead

ഉത്പലിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നടത്തിയ എല്ലാ ശ്രമങ്ങളും തകരുകയായിരുന്നു. പനാജിക്ക് പകരം മറ്റ് രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടും ഉത്പല്‍ പനാജി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

പനാജിയില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഉത്പല്‍ അറിയിച്ചിരിക്കുന്നത്.

എന്ത് വന്നാലും താന്‍ പനാജിയില്‍ തന്നെ മത്സരിക്കുമെന്നും, അതിപ്പോള്‍ ബി.ജെ.പിക്കെതിരായാണെങ്കിലും കുഴപ്പമില്ല എന്നുമായിരുന്നു ഉത്പല്‍ പറഞ്ഞിരുന്നത്.

അതേസയം. ഉത്പലിനെ തങ്ങള്‍ക്കൊപ്പമെത്തിക്കാനുള്ള നീക്കങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. ഉത്പലിനായി പനാജി സീറ്റ് വാഗ്ദാനം ചെയ്താണ് കെജ്‌രിവാള്‍ ഇപ്പോഴും കാത്തിരിക്കുന്നത്.

‘ബി.ജെ.പിയുടെ ഉപയോഗിച്ച് വലിച്ചെറിയുന്ന നയം പരീക്കര്‍ കുടുംബത്തോട് കാണിക്കുന്നതില്‍ ഗോവന്‍ ജനത വിഷമിക്കുന്നുണ്ടാവാം. മനോഹര്‍ പരീക്കറിനോട് എനിക്കെന്നും ബഹുമാനമാണ്. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നിന്നും മത്സരിക്കാന്‍ ഉത്പല്‍ ജിയെ സ്വാഗതം ചെയ്യുന്നു,’ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പി സീറ്റ് നല്‍കാതെ ഉത്പലിനെ പുറത്താക്കുകയും അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയുമാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.

മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സമുന്നതനായ നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ 2019ലാണ് മരണപ്പെടുന്നത്. 25 വര്‍ഷക്കാലം മനോഹര്‍ പരീക്കറായിരുന്നു പനാജിയെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവും, മനോഹര്‍ പരീക്കറിന്റെ എക്കാലത്തേയും വലിയ രാഷ്ട്രീയ എതിരാളിയുമായിരുന്ന മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

മകനായ തന്നെ തഴയുകയും അച്ഛന്റെ എതിരാളിയായ വ്യക്തിക്ക് തന്നെ പരീക്കര്‍ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നല്‍കുകയും ചെയ്തതോടെയാണ് ഉത്പല്‍ തീരുമാനം കടുപ്പിച്ചിരിക്കുന്നത്.

Goa elections: Staking claim over Parrikar legacy, son Utpal eyes BJP's Panaji ticket | Cities News,The Indian Express

ഗോവ പിടിക്കാന്‍ രണ്ടും കല്‍പിച്ചാണ് ആം ആദ്മി മത്സരരംഗത്തുള്ളത്. ഉത്പലിനെ എ.എ.പി പാളയത്തിലെത്തിക്കാന്‍ സാധിച്ചാല്‍ ആം ആദ്മിയുടെയും കെജ്രിവാളിന്റെയും ഏറ്റവും വലിയ രാഷ്ട്രീയ വിജയമായാവും ഇത് വിലയിരുത്തപ്പെടുക.

ബി.ജെ.പിക്കും എ.എ.പിക്കും കോണ്‍ഗ്രസിനും പുറമെ ഗോവയില്‍ ശക്തമായ സാന്നിധ്യമാവാനാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുങ്ങുന്നത്. നാല് പാര്‍ട്ടിയും തുല്യ ശക്തികളായി വിലയിരുത്തപ്പെടുമ്പോള്‍ ഗോവയില്‍ ഫലം പ്രവചനാതീതമാണ്.

ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Manohar Parrikar’s Son, Denied Ticket From Father’s Goa Seat, Quits BJP

We use cookies to give you the best possible experience. Learn more