പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും. ഗോവയില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും പരീക്കറെ എയിംസിലേക്ക് മാറ്റുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
പാന്‍ക്രിയാസ് സംബന്ധമായ അസുഖം അലട്ടുന്ന മനോഹര്‍ പരീക്കര്‍ ഈ മാസം ആറിനാണ് ചികിത്സയ്ക്ക് ശേഷം യു.എസില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് കാന്‍ഡോലിമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴ് മാസത്തോളമായി അസുഖബാധിതനായ പരീക്കര്‍ അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
അതേസമയം, പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി നേതൃത്വം ആലോചനകള്‍ തുടങ്ങി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ പരീക്കര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
തല്‍ക്കാലം ചുമതല മറ്റൊരാള്‍ക്ക് കൈമാറാനാണ് ആലോചന. അതിനുശേഷമാകും പരീക്കര്‍ സ്ഥാനമൊഴിയുന്നത്. ബി.ജെ.പി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുന്നുണ്ട്.
ചികിത്സയ്ക്കായി ആദ്യം അമേരിക്കയിലേക്ക് പോയപ്പോള്‍ തന്റെ അഭാവത്തില്‍ ഭരണനിര്‍വഹണത്തിനായി പ്രത്യേക ഉപദേശക സമിതിയെ പരീക്കര്‍ രൂപീകരിച്ചിരുന്നു. സുദിന്‍ ദവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.