മനോഹര്‍ പരീക്കര്‍ ചതിച്ചെന്ന് പുറത്താക്കപ്പെട്ട ഗോവ ആര്‍.എസ്.എസ് മേധാവി സുഭാഷ് വെലിങ്കര്‍
Daily News
മനോഹര്‍ പരീക്കര്‍ ചതിച്ചെന്ന് പുറത്താക്കപ്പെട്ട ഗോവ ആര്‍.എസ്.എസ് മേധാവി സുഭാഷ് വെലിങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2016, 11:51 am

1996 മുതല്‍ ഗോവ ആര്‍.എസ്.എസിന്റെ തലപ്പത്തിരുന്ന സുഭാഷ് വെലിങ്കറിനെ ബുധനാഴ്ചയാണ് ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കിയത്. അതേ സമയം വെലിങ്കറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നാനൂറോളം പ്രവര്‍ത്തകരാണ് രാജിവെച്ചത്.

പനാജി:  ഗോവയില്‍ തന്റെ കീഴില്‍ വളര്‍ന്നു വന്നയാളാണ് മനോഹര്‍ പരീക്കറെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ ചതിച്ചുവെന്നും പുറത്താക്കപ്പെട്ട ആര്‍.എസ്.എസ് മേധാവി സുഭാഷ് വെലിങ്കര്‍. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കുള്ള ഗ്രാന്റ് പിന്‍വലിക്കുന്ന കാര്യത്തിലും പഠനഭാഷ മാതൃഭാഷയിലാക്കുന്നതിലും പരീക്കര്‍ ഗോവന്‍ ജനതയെ വഞ്ചിച്ചെന്ന് സുഭാഷ് വെലിങ്കര്‍ പറഞ്ഞു.

2012ല്‍ ഹിന്ദുവോട്ടുകള്‍ നേടിയാണ് പരീക്കര്‍ ജയിച്ചതെന്നും എന്നാല്‍ ന്യൂനപക്ഷങ്ങളുടെ നേതാവായി മേനി നടിക്കുകയാണെന്നും വെലിങ്കര്‍ ആരോപിച്ചു. അമിത് ഷായ്‌ക്കെതിരായി വിശീയ കരിങ്കൊടി പരീക്കറിനോടുള്ള പ്രതിഷേധമാണെന്നും സുഭാഷ് വെലിങ്കര്‍ പറഞ്ഞു.

manohar

2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് (ബി.ബി.എസ്.എം) മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എം.ജി.പി)യുമായി സഖ്യമുണ്ടാക്കുകയോ സ്വന്തം നിലയില്‍ മത്സരിക്കുകയോ ചെയ്യും. ബി.ജെ.പിക്കെതിരായ ജനവികാരം ആര്‍.എസ്.എസിലും ബി.ജെ.പിക്കകത്തും ഉണ്ടെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ഇത് വ്യക്തമാകുമെന്നും വെലിങ്കര്‍ പറഞ്ഞു.

1996 മുതല്‍ ഗോവ ആര്‍.എസ്.എസിന്റെ തലപ്പത്തിരുന്ന സുഭാഷ് വെലിങ്കറിനെ ബുധനാഴ്ചയാണ് ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കിയത്. അതേ സമയം വെലിങ്കറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നാനൂറോളം പ്രവര്‍ത്തകരാണ് രാജിവെച്ചത്.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മുതിര്‍ന്ന നേതാക്കളുമായി ആറു മണിക്കൂറോളം പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് ജില്ലാ, സബ്ജില്ല, ശാഖാ തലവന്‍മാരും രാജിപ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെടും. ഇടഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തകരുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്.