| Tuesday, 19th March 2019, 10:31 am

റഫാല്‍ കരാറിന്റെ ആദ്യ ഇരയാണ് മനോഹര്‍ പരീക്കര്‍; പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നില്‍ സമ്മര്‍ദ്ദമെന്നും എന്‍.സി.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാറിന്റെ ആദ്യ ഇരയാണ് അന്തരിച്ച ഗോവന്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെന്ന് എന്‍.സി.പി എം.എല്‍.എ ജീതേന്ദ്ര ഔഹാദ്. റഫാല്‍ കരാറില്‍ ഒപ്പിടുന്ന സമയത്ത് പരീക്കറായിരുന്നു പ്രതിരോധ മന്ത്രി. കരാര്‍ ശരിയാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നില്ല. അക്കാരണം കൊണ്ടാണ് പരീക്കറിന് ദല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് വരേണ്ടിവന്നതെന്നും ജിതേന്ദ്ര ഔഹാദ് ആരോപിക്കുന്നു.

” വിദ്യാസമ്പന്നനായ നല്ല വായനാശീലമുള്ള വ്യക്തിയായിരുന്നു പരീക്കര്‍. എനിക്കു തോന്നുന്നത് റഫാല്‍ കരാറിനുശേഷം അദ്ദേഹത്തിന് അത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഗോവയിലേക്ക് തിരിച്ചുവന്നതെന്നാണ്. അദ്ദേഹം ദു:ഖിതനായിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് ഞാനിത് പറയരുത്. എന്നാല്‍ എനിക്കു തോന്നുന്നത് റഫാല്‍ കരാറിന്റെ ആദ്യ ഇരയാണ് പരീക്കര്‍ എന്നാണ്.” ജിതേന്ദ്ര പറഞ്ഞു.

Also read:“ഇത് ജനാധിപത്യത്തിന്റെ അന്ത്യം, ഗോവന്‍ ഗവര്‍ണറെ പുറത്താക്കണം” പുലര്‍ച്ചെ രണ്ടുമണിക്കുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

2017ല്‍ ഗോവ മുഖ്യമന്ത്രിയുടെ ചുമതലയേല്‍ക്കാനാണ് പരീക്കര്‍ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചത്. 2014ല്‍ പ്രതിരോധ മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഏറെ മടിയോടെയാണ് പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

” അദ്ദേഹത്തിന് അഴിമതിക്കാരനാവാന്‍ കഴിയില്ല. പക്ഷേ സംഭവിച്ച അഴിമതി അദ്ദേഹത്തെ വേദനിപ്പിച്ചു. ആ വേദന രോഗത്തോട് പൊരുതാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ” ജിതേന്ദ്ര പറഞ്ഞു.

ചില സുപ്രധാന വിഷയങ്ങളിലുള്ള സമ്മര്‍ദ്ദമാണ് താന്‍ രാജിവെച്ച് ഗോവയിലേക്ക് വരാന്‍ കാരണമെന്ന് രാജിക്കു പിന്നാലെ പരീക്കര്‍ സമ്മതിച്ചിരുന്നു.

” ദല്‍ഹി എന്റെ പ്രവര്‍ത്തന മേഖലയല്ല. അതുകൊണ്ടാണ് എനിക്ക് സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതുപോലെ തോന്നുന്നത്.” എന്നായിരുന്നു പരീക്കര്‍ അന്ന് പറഞ്ഞത്.

We use cookies to give you the best possible experience. Learn more