ന്യൂദല്‍ഹി: യു.എസിലെ ആശുപത്രി കിടക്കയില്‍ നിന്നും ഗോവയുടെ ഭരണം നിയന്ത്രിക്കുകയാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും മടങ്ങിവരവിനെ കുറിച്ചും ഭരണത്തിലെ തന്റെ ഇടപെടലുകളെ കുറിച്ചും പറയാനായി കഴിഞ്ഞ ദിവസം താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം യു.എസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
മാര്‍ച്ച് മാസം മുതല്‍ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വഴിയാണ് പരീക്കര്‍ നാല് മാധ്യമപ്രവര്‍ത്തകരെ യു.എസിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ തങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
“താന്‍ ഏത് ആശുപത്രിയിലാണ് കഴിയുന്നതെന്ന കാര്യം അദ്ദേഹം ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ക്ഷീണിതനായിരുന്നു. രണ്ട് റൗണ്ട് കീമോതെറാപ്പി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മടങ്ങിവരവിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്” – ബി.ജെ.പി അനുഭാവി കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
ചീഫ് സെക്രട്ടറിയുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഫയലുകളും ഡോക്യുമെന്റുകളും സ്‌കാന്‍ ചെയ്ത് ഇമെയില്‍ വഴിയും ഫാക്‌സ് വഴിയും അയക്കാറാണ് പതിവ്. തന്റെ തീരുമാനങ്ങള്‍ ഫോണിലും മെയില്‍ വഴിയും അറിയിക്കാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവിടെ ഇരുന്നും തനിക്ക് ഭരണം സുഗമമായി നടത്താന്‍ കഴിയുന്നുണ്ടെന്നും ആശയവിനിമയ ഉപാധികളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്- മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചിലര്‍ ദുരുപയോഗം ചെയ്യുന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരീക്കറിന്റെ മെയില്‍ അക്കൗണ്ട് ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉദ്യോഗസ്ഥരാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. അതേസമയം ഇത്തരം ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പരീക്കര്‍ അമേരിക്കയില്‍ എത്തിയത്. ഫെബ്രുവരി 15 മുതല്‍ പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അതേസമയം യു.എസില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കര്‍ ജൂണ്‍ അവസാനം തിരിച്ചെത്തുമെന്ന് ഗതാഗതമന്ത്രി സുദിന്‍ ധവാലിക്കര്‍ അറിയിച്ചിട്ടുണ്ട്. പരീക്കറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രൂപീകരിച്ച മന്ത്രിസഭാ ഉപദേശകസമിതി അംഗമാണ് മുതിര്‍ന്ന നേതാവായ ധവാലിക്കര്‍. മുഖ്യമന്ത്രിയാകാന്‍ മാനസികമായി താന്‍ സജ്ജമാണെന്ന് നേരത്തേ പറഞ്ഞു കുഴപ്പത്തിലായ ധവാലിക്കര്‍, ഇന്നലെ പ്രസ്താവന പിന്‍വലിച്ചിരുന്നു.