മൂക്കിലൂടെ ട്യൂബ് ഇട്ട നിലയില്‍ പരീക്കര്‍ പൊതുവേദിയില്‍; അധികാരം നിലനിര്‍ത്താനുള്ള അടവെന്ന് വിമര്‍ശനം
national news
മൂക്കിലൂടെ ട്യൂബ് ഇട്ട നിലയില്‍ പരീക്കര്‍ പൊതുവേദിയില്‍; അധികാരം നിലനിര്‍ത്താനുള്ള അടവെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th December 2018, 4:48 pm

പനാജി: അസുഖബാധിതനായി ഏറെക്കാലം പൊതുവേദിയില്‍ നിന്ന് മാറി നിന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും പൊതുവേദിയിലേക്ക് കൊണ്ട് വരുന്നതിനെതിരെ വിമര്‍ശനം. രോഗിയായ പരീക്കറെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ച് ബി.ജെ.പി പ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.

ചികിത്സയിലിരിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ കണക്കിലെടുക്കാതെ പൊതുരംഗത്തേക്ക് വലിച്ചിഴച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നത് പാര്‍ട്ടിക്ക് അനുയോജ്യമാണോയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

ALSO READ: ജിഫ്രിതങ്ങള്‍ക്കെതിരായ വിമര്‍ശനം; ലീഗിന്റെ ചരിത്രം ചികഞ്ഞ് പുതിയ ചര്‍ച്ചയ്ക്കു തുടക്കം

തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.

പരീക്കറിന്റെ രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം നിശ്ചലാവസ്ഥയിലാണെന്നും പരീക്കര്‍ രാജി വെച്ച് അധികാരമൊഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പരീക്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരീക്കറിന്റെ ഭരണകാര്യങ്ങളിലേക്കുള്ള പുനഃപ്രവേശമെന്നാണ് വിലയിരുത്തല്‍.

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി, സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം എത്തിയത്. പിന്നാലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പരീക്കര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

ALSO READ: “”ഡോ. പ്രസാദ് പന്ന്യനെ തിരിച്ചെടുക്കണം””; അഭിപ്രായ പ്രകടനം വിമര്‍ശനമായി പരിഗണിക്കാനാവില്ല; സസ്‌പെന്‍ഷനെ ലഘുവായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി

പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച മനോഹര്‍ പരീക്കറിനെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദേശത്ത് ചികിത്സയ്ക്ക് പോയി വന്ന ശേഷമാണ് വീണ്ടും സ്ഥിതി മോശമായതോടെ ഏയിംസില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയിലേക്ക് കൊണ്ട് പോയി. ഏറെ നാള്‍ പൊതുമധ്യത്തില്‍ നിന്ന് മാറി നിന്നതോടെ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഗോവയില്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധവും നടന്നിരുന്നു. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം. എന്നാല്‍, മനോഹര്‍ പരീക്കറിന് പകരക്കാരനെ കണ്ടെത്താനാകാത്ത ബി.ജെ.പി അദ്ദേഹം തിരിച്ചെത്തുമെന്ന വാദം ഉന്നയിച്ച് പിടിച്ചു നില്‍ക്കുകയായിരുന്നു.

WATCH THIS VIDEO: