ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാക് ബോട്ട് തകര്‍ത്തത് ഇന്ത്യയല്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ബോട്ടിലുള്ളവര്‍ സ്വയം കത്തിക്കുകയായിരുന്നു ഇതിന്റെ തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ പുറത്ത് വിടുമെന്നും പരീക്കര്‍ പറഞ്ഞു. അതേ സമയം പാക് ബോട്ട് തകര്‍ത്തുവെന്ന തീരദേശ സംരക്ഷണ സേന ഡയറക്ടര്‍ ബി.കെ ലോഷാലിയുടെ പ്രസ്താവന പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ലക്ഷകണക്കിന് സൈനികരുണ്ട് ഇവരില്‍ ആരെങ്കിലും എന്തെങ്കിലും മണ്ടത്തരം പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹവും കോസ്റ്റ് ഗാര്‍ഡും തെറ്റ് തിരുത്തിയിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമായിരുന്നു കോസ്റ്റ്ഗാര്‍ഡ് ഡി.ഐ.ജിയുടെ പ്രസ്താവന പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ഡി.ഐ.ജിയും കോസ്റ്റ് ഗാര്‍ഡും പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ പത്രം അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൂടെ പുറത്ത് വിടുകയായിരുന്നു.
ഡിസംബര്‍ 31ന് ഗാന്ധി നഗറിലുണ്ടായിരുന്ന താന്‍ ബോട്ട് തകര്‍ക്കാന്‍ ഉത്തരവിട്ടെന്നും ഭീകര്‍ക്ക് ബിരിയാണി നല്‍കലല്ല മറിച്ച് അവരെ നശിപ്പിക്കലാണ് തങ്ങളുടെ ദൗത്യമെന്നും കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.കെ ലോഷാലി പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്.