| Monday, 2nd October 2023, 11:30 am

ടിക്രി വില്ലേജിലെ പവന്‍ ഭയ്യാ; മമ്മൂട്ടിയെടുത്ത ചിത്രം പങ്കുവെച്ച് മനോഹര്‍ പാണ്ഡേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് കണ്ട പ്രേക്ഷകരാരും മറക്കാന്‍ സാധ്യതയില്ലാത്ത കഥാപാത്രമാണ് ടിക്രി ഗ്രാമത്തിലെ പവന്‍ ഭയ്യ. വളരെ കുറച്ച് നേരം മാത്രം ചിത്രത്തിലെത്തിയ ടിക്രിയും പവന്‍ ഭയ്യയും കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹിന്ദി നടനായ മനോഹര്‍ പാണ്ഡേയാണ് പവന്‍ ഭയ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഷൂട്ടിനിടക്കുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മനോഹര്‍. മമ്മൂട്ടി പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

‘അടുത്ത ഷോട്ടിന് കാത്തിരിക്കവേ മമ്മൂട്ടി സാര്‍ എടുത്ത ചിത്രം. പവന്‍ ഭയ്യയെ അറിയണമെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് കാണൂ,’ എന്നാണ് ചിത്രം പങ്കുവെച്ച് മനോഹര്‍ കുറിച്ചത്.

അതേസമയം ചിത്രത്തിലെ മനോഹറിന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഫൈറ്റ് രംഗങ്ങളിലുള്‍പ്പെടെ അദ്ദേഹം ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. പ്രഭാസ് ചിത്രം ആദിപുരുഷിലും മനോഹര്‍ അഭിനയിച്ചിരുന്നു. അംഗദ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മനോഹര്‍ എത്തിയത്.

റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Manohar Pandey shared the picture taken by Mammootty

We use cookies to give you the best possible experience. Learn more