| Sunday, 26th October 2014, 12:43 pm

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ഖട്ടര്‍ ചുമതലയേറ്റെടുത്തത്. ഹരിയാന ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഖട്ടറിനൊപ്പം രാംവിലാസ് ശര്‍മ്മ, ക്യാപ്റ്റന്‍ അഭിമന്യു, ഒ.പി. ധന്‍കര്‍, അനില്‍ വിജ്, നര്‍വീര്‍ സിങ്, കവിത ജെയിന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും. ഹരിയാന സംസ്ഥാനം നിലവില്‍വന്നിട്ട് ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി ഇവിടെ അധികാരലേറുന്നത്.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അധ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പഞ്ചാബി പാരമ്പര്യമുള്ള ആദ്യ ഹരിയാന മുഖ്യമന്ത്രിയാണ് ഖട്ടര്‍. ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള അംഗമാണ് അദ്ദേഹം. ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള നേതാവ് വേണം ഇത്തവണ മുഖ്യമന്ത്രിയെന്ന ഭൂരിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ് ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ജാട്ട് സ്വാധീനമേഖലയ്ക്ക് പുറത്ത് നഗരമേഖലയില്‍ നിന്നും പിന്നോക്കദളിത് മേഖലകളില്‍ നിന്നും ഇത്തവണ ബി.ജെ.പിക്ക് വന്‍ ജനപിന്തുണ ലഭിച്ചിരുന്നു. ബി.ജെ.പി എം.എല്‍.എമാരില്‍ നാല്‍പത് പേര്‍ ജാട്ട് ഇതര സമുദായ അംഗങ്ങളാണ്.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമായ മനോഹര്‍ ലാല്‍ ഖട്ടര്‍ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നും 63,000ലധികം വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഖട്ടര്‍ ജയിച്ചത്.

40 വര്‍ഷമായി ആര്‍.എസ്.എസിലും 30 വര്‍ഷമായി ബി.ജെ.പിയിലും സന്തത സഹചാരിയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. പതിന്നാല് വര്‍ഷമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയായ ഖട്ടര്‍ 1996ലാണ് ഹരിയാനയില്‍ ബി.ജെ.പിയുടെ ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തനാണ് മനോഹര്‍ലാല്‍ ഖട്ടര്‍. 1996ല്‍ മോദിക്ക് ഹരിയാന ബി.ജെ.പിയുടെ ചാര്‍ജ് ഉണ്ടായിരുന്ന സമയത്ത് ഖട്ടര്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

കൂടാതെ ഭൂകമ്പത്തിന് ശേഷം കച്ചിലെ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മോദി ഖട്ടറിനെ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദി മത്സരിച്ചപ്പോള്‍ ആ മണ്ഡലത്തിലെ 50 വാര്‍ഡുകളുടെ ചുമതല ഖട്ടറിനെയായിരുന്നു ഏല്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more