| Sunday, 27th October 2019, 4:50 pm

രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: രണ്ടാം തവണയും ഹരിയാനാ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയാണ് ഉപമുഖ്യമന്ത്രി. ചണ്ഡീഗഢ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരും പങ്കെടുത്തു.

ജെ.പി നദ്ദ, അകാലിദള്‍ മേധാവി പ്രകാശ് സിംഗ് ബാദല്‍, അദ്ദേഹത്തിന്റെ മകനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ സുഖ്ബീര്‍ ബാദല്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയവരും ചടങ്ങിനെത്തി.

ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റായിരുന്നു ആവശ്യം. 57 എംഎല്‍എമാരുടെപിന്തുണയോടെയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍അധികാരത്തിലേറുന്നത്. ഏഴ് സ്വതന്ത്ര എം.എല്‍.എമാരും പിന്തുണ നല്‍കിയിട്ടുണ്ട്.

ഇന്നലെ മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെട്ട സംഘം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ സത്യദിയോ നരേന്‍ ആര്യനെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനായി കോണ്‍ഗ്രസ് നേരത്തെ ദുഷ്യന്ത് ചൗട്ടാലയെ ക്ഷണിച്ചിരുന്നുവെങ്കിലും ചൗട്ടാല ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ജെ.ജെ.പി നേതാക്കള്‍ തയ്യാറായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം നടന്ന നിയമസഭാകക്ഷി യോഗത്തില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ നിയമസഭാകക്ഷി നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖട്ടറിനയച്ച അഭിനന്ദന സന്ദേശത്തില്‍ ഖട്ടറിന്റെ നേട്ടത്തെ അഭിനന്ദിക്കുകയും ഈ സമയത്ത് ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണയും അധികാത്തിലെത്തുന്നത് ചെറിയ നേട്ടമല്ലെന്നു പറയുകയും ചെയ്തു.

‘ദുഷ്യന്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം സംഘടന തുടങ്ങിയിട്ട് 11 മാസം ആകുന്നതേയുള്ളു. അച്ഛന്റെ പേരില്‍ അറിയപ്പെടുന്ന മകനാണ് ദുഷ്യന്ത്. പാര്‍ട്ടിപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ ശ്രമം ഈ ദിവസത്തെ ധന്യമാക്കി’ ദുഷ്യന്തിന്റെ പിതാവ് അജയ് ചൗട്ടാല പ്രതികരിച്ചു.

അഴിമതി കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായിരുന്ന അജയ് ചൗട്ടാല ഇന്ന് രാവിലെയാണ് രണ്ടാഴ്ച്ചത്തെ പരോളില്‍ ഇറങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more