| Monday, 15th May 2023, 11:21 am

എ.എ.പി പ്രവര്‍ത്തകനെ മര്‍ദിച്ച് പുറത്താക്കാനാവശ്യപ്പെട്ട് ബി.ജെ.പി മുഖ്യമന്ത്രി; വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: ജന്‍ സംവാദ് പരിപാടിയിലെ രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദത്തില്‍പ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍. പരിപാടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥരോട് ആം ആദ്മി പ്രവര്‍ത്തകരെ മര്‍ദിച്ച് പുറത്താക്കാന്‍ പറയുന്ന വീഡിയോയും ഒരു പ്രശ്‌നമുന്നയിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ അവ ആരോ പഠിപ്പിച്ച് വിട്ടതാണെന്ന് എന്ന് പറയുന്ന വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

രണ്ട് സംഭവങ്ങളും സിര്‍സയിലെ ജന്‍സംവാദ് പരിപാടിക്കിടെയായിരുന്നു നടന്നത്.

സംസ്ഥാനത്ത് നിന്നും മയക്കുമരുന്നിനെ വേരോടെ പിഴുതെറിയാനായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം തുറക്കുമെന്ന് ജന്‍ സംവാദില്‍ അദ്ദേഹം പറഞ്ഞു.


യുവാക്കള്‍ക്ക് ശരിയായ വഴി കാണിച്ച് കൊടുക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിനുള്ള ചുമതല സന്യാസിമാരെയും മറ്റു പ്രമുഖരെയും ഏല്‍പ്പിക്കുമെന്ന് ഘട്ടാര്‍ പറഞ്ഞു. മയക്കുമരുന്നെന്ന വിപത്തിനെ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

സദസ്സിലിരുന്ന ഒരു വ്യക്തി ചില കാര്യങ്ങള്‍ പറയാന്‍ മുതിര്‍ന്നപ്പോള്‍ രാഷ്ട്രീയം കളിക്കാന്‍ അവനെ അനുവദിക്കരുതെന്നും പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് അവന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഘട്ടാര്‍ പറഞ്ഞു. അവനൊരു എ.എ.എപി പ്രവര്‍ത്തകനാണെന്ന് പറഞ്ഞ ഘട്ടാര്‍ പരിപാടിയില്‍ നിന്ന് അയാളെ പുറത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ജന്‍ സംവാദ് പരിപാടിക്കിടെ ഒരു സ്ത്രീ ചില കാര്യങ്ങള്‍ പറയാനായി ശ്രമിക്കുന്നതിനിടെ നിങ്ങളെ ആരോ പഠിപ്പിച്ചതാണിതെന്നും മിണ്ടാതിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് വീഡിയോകളും പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം വിവാദത്തിലായത്.

Contenthighlight: Manohar lal khattar ordered to trash the aap worker at jan samvad event

We use cookies to give you the best possible experience. Learn more