| Tuesday, 12th March 2024, 11:57 am

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മനോഹര്‍ ലാല്‍ ഖട്ടര്‍. അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഖട്ടറിന് പകരം ബി.ജെ.പി നയാബ് സൈനിയേയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.

രാജിവെച്ചതിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാരിന്‍റെ സഖ്യ കക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)യുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജെ.ജെ.പിയുമായുള്ള സഖ്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഹരിയാനയില്‍ ജെ.ജെ.പിയുമായി ബി.ജെ.പിക്ക് നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് ബി.ജെ.പി വിജയിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ആകെ പത്ത് ലോക്‌സഭാ സീറ്റുകളുള്ള ഹരിയാനയില്‍ രണ്ട് സീറ്റുകള്‍ നല്‍കണമെന്ന് ജെ.ജെ.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ബി.ജെ.പി തയ്യാറായിരുന്നില്ല. അതോടൊപ്പം ഹരിയാനയിലെ കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെയും ജെ.ജെ.പി വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ ആരംഭിച്ചത്.

Content Highlight: Manohar Lal Khattar has stepped down as chief minister of Haryana

We use cookies to give you the best possible experience. Learn more