| Tuesday, 21st October 2014, 2:37 pm

മനോഹര്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഛണ്ഡീഗഡ്: മുന്‍ ആര്‍.എസ്.എസ് പ്രചാരകനായ മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും. തലസ്ഥാനത്ത് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി മനോഹര്‍ലാല്‍ ഖട്ടറിനെ തിരഞ്ഞെടുത്തു. കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നാണ് ഖട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ മുഖ്യമന്ത്രി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഇന്ദ്രജിത് സിങ്, അനില്‍ വിജ്, സംസ്ഥാന പ്രസിഡന്റ് റാം ബിലാസ് ശര്‍മ, ഒ.പി ധന്‍കര്‍ എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ക്ലീന്‍ ഇമേജും ബി.ജെ.പിയോടുള്ള അര്‍പ്പണമനോഭാവവുമാണ് ഖട്ടറിനെ മുഖ്യമന്ത്രിയായി തീരുമാനിക്കാന്‍ പ്രേരണയായതെന്നാണറിയുന്നത്.

ജാട്ട് സമുദായത്തിനു പുറത്തുനിന്നുള്ളയാളാകണം ഇത്തവണ ഹരിയാന മുഖ്യന്ത്രി എന്ന ബി.ജെ.പിയിലെ പൊതുധാരണയും ഖട്ടറിന് അനുകൂലമായി. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, പാര്‍ട്ടി ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മ എന്നിവരുടെ അധ്യക്ഷതയിലാണ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തനാണ് മനോഹര്‍ലാല്‍ ഖട്ടര്‍. ഇതും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ ഖട്ടറിന് അനുകൂലഘടകമായി. 1996ല്‍ മോദിക്ക് ഹരിയാന ബി.ജെ.പിയുടെ ചാര്‍ജ് ഉണ്ടായിരുന്ന സമയത്ത് ഖട്ടര്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

കൂടാതെ ഭൂകമ്പത്തിന് ശേഷം കച്ചിലെ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മോദി ഖട്ടറിനെ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദി മത്സരിച്ചപ്പോള്‍ ആ മണ്ഡലത്തിലെ 50 വാര്‍ഡുകളുടെ ചുമതല ഖട്ടറിനെയായിരുന്നു ഏല്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more