| Wednesday, 6th May 2015, 10:30 am

പരുക്കിന്റെ കാര്യം മറച്ചുവെച്ച പക്വിയാവോയ്‌ക്കെതിരെ നടപടിയ്ക്കു സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചല്‍സ്: തോളിനു പരുക്കുള്ള കാര്യം മത്സരത്തിനുമുമ്പ് വെളിപ്പെടുത്താത്തതിന് ബോക്‌സര്‍ മാനി പക്വിയാവോയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു സാധ്യത. ഷോള്‍ഡറിനു പരിക്കുള്ള കാര്യം ശനിയാഴ്ച ലാസ് വാഗാസില്‍ നടന്ന “നൂറ്റാണ്ടിന്റെ ഇടിമുഴക്കം” എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തിനു മുമ്പ് തുറന്നു പറയാത്തതിനാണ് നടപടി.

മത്സരം കഴിഞ്ഞ് ഒരു മണിക്കൂറാകും മുമ്പാണ് പക്വിയാവോയുടെ പ്രമോട്ടറായ ബോബ് അറം മുമ്പ് ഷോള്‍ഡറിനു പരുക്കുപറ്റിയ കാര്യം തുറന്നു പറഞ്ഞത്. തുടര്‍ന്ന് തിങ്കളാഴ്ച എം.ആര്‍.ഐ സ്‌കാനിങ്ങില്‍ പരുക്ക് സ്ഥിരീകരിക്കുകയും സര്‍ജറി ആവശ്യമുണ്ടെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പക്വിയാവോയോ നവാദ അത്‌ലറ്റിക് കമ്മീഷനോ ഈ വിഷയം നേരത്തെ മത്സരത്തിന്റെ സംഘാടകരെ അറിയിച്ചില്ലെന്നതാണ് വിഷയം. മത്സരം തുടങ്ങുന്നതിനു ഒന്നുരണ്ടു മണിക്കൂര്‍ മുമ്പ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഇഞ്ചക്ഷന്‍ എടുക്കുന്ന സമയത്താണ് പരുക്കിന്റെ വിവരം അറിയിക്കുന്നത്.

ആ ഘട്ടത്തില്‍ പക്വിയാവോ പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടോയെന്ന് കമ്മീഷന് അന്വേഷിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. കൂടാതെ പരുക്കുണ്ടെന്നു പറഞ്ഞതല്ലാതെ അതു തെളിയിക്കുന്ന മെഡിക്കല്‍ രേഖകളോ, സ്‌കാനിങ് റിപ്പോര്‍ട്ടുകളോ പക്വിയാവോയുടെ പക്കലുണ്ടായിരുന്നില്ലെന്നും കമീഷന്‍ പറയുന്നു.

“6.08PM (പ്രാദേശിക സമയം) ന് പക്വിയാവോ ലോക്കര്‍ റൂമില്‍ പ്രവേശിച്ചശേഷം മാത്രമാണ് പരുക്കിന്റെ കാര്യം ആദ്യമായി കേള്‍ക്കുന്നത്.” കമ്മീഷന്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌കോ അഗ്വിലാര്‍ പറഞ്ഞു.

“പരുക്ക് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ലായിരുന്നു. അദ്ദേഹമിതു വെള്ളിയാഴ്ച പറഞ്ഞിരുന്നെങ്കില്‍ എം.ആര്‍.ഐ സ്‌കാന്‍ ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പലതും ചെയ്യാന്‍ സാധിച്ചേനെ.” അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more