വയനാട്: മാനന്തവാടിയില്‍ പെണ്‍കുട്ടികളെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. പെണ്‍കുട്ടികളുടെ രഹസ്യമൊഴി നാളെ മാനന്തവാടി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും.
കേസെടുത്തിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെയാണ് പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയനാട്ടിലെ മാനന്തവാടി മുതിരേരിയില്‍ മകളേയും കൂട്ടുകാരിയേയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും പല്ലടിച്ച് കൊഴിക്കുകയും ചെയ്തത്. സംഭവത്തില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു.
പരാതി നല്‍കി പിറ്റേ ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തത്. അതിന്റെ പിറ്റേന്നാണ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തത്. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.
പൊലീസ് അന്വേഷിക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് തൃപ്തി തോന്നിയിരുന്നെന്നും എന്നാല്‍ എഫ്.ഐ.ആര്‍ കണ്ടപ്പോള്‍ അത് ഇല്ലാതായെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.