| Saturday, 10th September 2011, 7:40 pm

മന്നത്ത് പത്മനാഭന്‍ പരിഷ്‌കരണ വാദിയോ വര്‍ഗ്ഗീയ വാദിയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് 20-10-1957ല്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച മന്നത്ത് പത്മനാഭന്റെ പ്രസ്താവന

കെ.എം ഷഹീദ്

നായര്‍ സമുദായ ആചാര്യനും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ ജന്മദിനം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത പൊതു അവധിയായി പ്രഖ്യിപിച്ചിരിക്കയാണ്. മന്നത്ത് പത്മനാഭന്റെ സമൂഹ്യ, സാമുദായിക പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ ജന്മദിനം പൂര്‍ണ്ണ അവധിയായി നല്‍കണമെന്നായിരുന്നു എന്‍.എസ്.എസിന്റെ ആവശ്യം. എന്‍.എസ്.എസ് ആവശ്യം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കഴിയില്ല. അതിനാല്‍ ആവശ്യം നിയന്ത്രിത അവധിയായി പരിഗണിച്ചു.

നിയന്ത്രിത അവധിയാണോ, പൂര്‍ണ്ണ അവധിയാണോ എന്നതല്ല പ്രശ്‌നം. കേരളത്തിലെ സാമൂഹ്യമായി പരിഷ്‌കരിച്ചുവെന്നതിന്റെ പേരില്‍ ഒരാളുടെ ജന്മദിനത്തെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കുന്നതിലൂടെ അയാള്‍ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഡൂള്‍ന്യൂസ് നടത്തിയ പരിശോധനയില്‍ കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിക്ക് ആഘോഷിക്കാന്‍ കഴിയാത്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതമെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

സാമൂദായിക പരിഷ്‌കര്‍ത്താവെന്നതിന് പകരം തികച്ചും സാമുദായിക വാദിയായിരുന്നു മന്നമെന്ന് അദ്ദേഹം അക്കാലത്ത് കേരളത്തില്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കുന്നു. സാമുദായിക വാദം കടന്ന് മതവര്‍ഗ്ഗീയതെ പരസ്യമായി പിന്തുണക്കുന്ന നിലപാടുകളും മന്നത്ത് പത്മനാഭനില്‍ നിന്ന് ഉണ്ടായി. സ്വസമുദായത്തിന് വേണ്ടി വാദിക്കുന്നത് തെറ്റല്ല, എന്നാല്‍ മറ്റു സമുദായങ്ങളോട് സഹിഷ്ണുതയോടെ പെരുമാറാനും അവരുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാനും അയാള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അയാളെ വര്‍ഗ്ഗീയവാദിയും ജാതീയവാദിയുമായി മാത്രമേ കാണാനാവൂ.

ആര്‍.എസ്.എസ് സ്‌നേഹിയായ മന്നം

ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്‍.എസ്.എസ് ആണ് -മന്നത്ത് പത്മനാഭന്‍” എന്ന തലക്കെട്ടോടെ ആര്‍.എസ്.എസ് മുഖപത്രമായ കേസരിയില്‍ 20-10-1957ല്‍ വന്ന റിപ്പോര്‍ട്ടില്‍ മന്നത്ത് പത്മനാഭനെന്ന ” സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ കേരളത്തിലെ ദൗത്യമെന്തായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമാകും.

ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് മന്നം ഈ പ്രസ്താവന നടത്തയതെന്നത് ശ്രദ്ധേയമാണ്. ആര്‍.എസ്.എസ് എറണാകുളം ശാഖാ വാര്‍ഷികമായിരുന്നു ചടങ്ങ്. ഗാന്ധി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, അക്കാലത്ത് തന്നെ കടുത്ത വര്‍ഗ്ഗീയ വാദവുമായി രംഗത്തു വന്ന ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ട് മന്നം നടത്തിയ പ്രസ്താവന അദ്ദേഹം ഏത് ചേരിയില്‍ നില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ദളിത് സ്‌നേഹമെന്ന കാപട്യം

കേരളത്തില്‍ ദളിത് വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നാണ് മന്നത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മന്നത്ത് പത്മനാഭന്റെ ദളിത് സ്‌നേഹത്തിന്റെ കാപട്യം തുറന്നു കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ അക്കാലത്തെ ഇടപെടലുകള്‍. ഈഴവ മുഖ്യമന്ത്രിയായ ആര്‍.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതില്‍ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായി ചരിത്രം പരതിയാല്‍ വ്യക്തമാകും.

ദളിതുകള്‍ക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകള്‍ ഇതിന് തെളിവാണ്. മന്നത്തിന്റെ മുതുകുളം പ്രസ്താവന ഇങ്ങിനെ… പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല. പേട്ടയില്‍ ഒരു സുകുമാനരനും കേരളകൗമുദിയും കിടന്നു കളിക്കുന്നുണ്ട്. എന്റെ പഴയ കാലമായിരുന്നുവെങ്കില്‍…

ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭന്‍ വിളിച്ചത്. 1964ല്‍ കേരള കൗമുദിയില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ” ശങ്കരന്‍, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതാണ്. “ഈഴവന്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനപരിശോധിക്കണം…”. ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മന്നത്ത് പത്മനാഭന്‍ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്.

ഈഴവന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. മന്നതിന്റെ നേതൃത്വത്തില്‍ നടന്ന ഉപജാപത്തിനൊടുവില്‍ 1964ല്‍ ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭന്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ പ്രസംഗിച്ചത് ഇങ്ങിനെ. “രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്‌നേഹം കൊണ്ടാണ്”. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശങ്കര്‍ മന്ത്രിസഭ വീണതിനെ തുടര്‍ന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: “എല്ലാം നന്നായി കലാശിച്ചിരിക്കുന്നു. എന്ന് പറഞ്ഞാല്‍ മുത്തശ്ശി ഭാഷയില്‍ പാലുകുടിച്ച് കിണ്ണം താഴത്ത് വെച്ച സംതൃപ്തി”.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയിലെ തന്നെ പലര്‍ക്കും മന്നത്തിന്റെ കടുത്ത ജാതീയ, വര്‍ഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂര്‍ സി.എന്‍ മാധവന്‍ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയില്‍ മന്നത്ത് പത്മനാഭന്‍ എനി എന്ത് ചെയ്യണം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങിനെ.

“ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയര്‍ത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഭവനത്തില്‍ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താന്‍ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയില്‍ നായര്‍, നായര്‍ എന്നുള്ള സങ്കുചിത ആദര്‍ശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായര്‍ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്‍മാര്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട് വരികയാണ്. നായന്‍മാരോട് ഇന്ന് അത്മാര്‍ത്ഥമായ സ്‌നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂര്‍വ്വം മനസ്സിലാക്കണം.

നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്…

ശ്രീ മന്നത്ത് പത്മനാഭന്,

അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാന്‍ കരുതുന്നു.

വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490 നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും- ഇതായിരുന്നു ആ കത്ത്.

മന്നത്ത് പത്മനാഭനെന്ന വ്യക്തിയുടെ ഉണ്ടെന്ന് പറയുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന് അവസാനം എന്ത് സംഭവിച്ചുവെന്ന് മേല്‍ ഉദ്ധരിച്ച കാര്യങ്ങളിലൂടെ സുവ്യക്തമാകുന്നുണ്ട്. ആദ്യകാലങ്ങളില്‍ മന്നം നടത്തിയ പന്തിഭോജനമടക്കമുള്ള കാര്യങ്ങളെയെല്ലാം സ്വയം തള്ളിപ്പറയുന്ന നിലപാടായിരുന്നു പിന്നീടുണ്ടായത്. പഴയ കാലത്ത് ചെയ്തുപോയ ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന് കുറ്റബോധവമുണ്ടായിരുന്നിരിക്കാം.

കേരളത്തില്‍ അധസ്ഥിതനും പിന്നാക്കക്കാരനും എപ്പോഴെല്ലാം അവകാശത്തിന് വേണ്ടി ശബ്ദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിര്‍പ്പുമായി മന്നം വന്നിട്ടുണ്ട്. അതിപ്പോഴും എന്‍.എസ്.എസ് നേതൃത്വം ഭംഗിയായി ചെയ്യുന്നുമുണ്ട്.

1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയ സമയത്ത് എന്‍.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങി അന്ന് ബോര്‍ഡിന് വര്‍ഷത്തില്‍ 51 ലക്ഷം രൂപ സഹായധനമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ട അന്ന് ഇന്നത്തെപ്പോലെ ബോര്‍ഡ് സമ്പന്നമല്ലായിരുന്നു. എന്നാലും അക്കാലത്തെ 51 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബോര്‍ഡിന് നല്‍കുന്നതിനെ പലരും എതിര്‍ത്തു. ക്രിസ്ത്യന്‍ സമുദായമായിരുന്നു എതിര്‍പ്പിന് മുന്നില്‍ നിന്നത്.

എതിര്‍പ്പ് മറികടക്കാന്‍ മന്നം ഈഴവനായ ശങ്കറെ കണ്ട് നായര്‍ ഈഴവ ഐക്യത്തെക്കുറിച്ച് ബോധവത്കരിച്ചു. ഒരു നായര്‍ വീട്ടില്‍ വന്ന് കയറുമ്പോഴേക്കും ശങ്കര്‍ എന്‍.എസ്.എസിന്റെ കഴിഞ്ഞ കാല ചരിത്രം മറന്നു. മന്നത്ത് പത്മനാഭന്‍ ശങ്കറെയും കൂട്ടി കോട്ടയത്തേക്ക് വണ്ടി കയറി. കോട്ടയത്ത് വെച്ച് ” ആറടി മണ്ണില്‍ ക്രിസ്ത്യാനികളെ കുഴിച്ചുമൂടൂ”മെന്ന് മന്നം പ്രഖ്യാപിച്ചത് ചരിത്രം. ഈഴവനായ ശങ്കറിന്റെ പിന്തുണയോടുകൂടി നിര്‍മ്മിച്ച ദേവസ്വം ബില്‍ ഒടുവില്‍ നിയമമായി വന്നപ്പോള്‍ അതില്‍ നിന്നും ഈഴവര്‍ പുറത്ത് പോയതും ചരിത്രം.

തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ഭേദഗതി ചെയ്ത് അതില്‍ ജാതി സംവരണമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശ്രമം നടന്നപ്പോള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. ദേവസം ബില്ലിന് മുന്‍കയ്യെടുത്ത മന്ത്രി ജി.സുധാകരന് ഒടുവില്‍ ബില്ല് ദേവസ്വം വകുപ്പ് തന്നെ നഷ്ടപ്പെട്ടു. പുരോഗമനവാദികളായ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഈ നൂറ്റാണ്ടിലും എന്‍.എസ്.എസ് തങ്ങളുടെ അജണ്ട നടപ്പാക്കിയതെന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പല നാട്ടുരാജ്യങ്ങളും ഒപ്പം ചേരാന്‍ തയ്യാറായില്ല. അന്ന് എന്‍.എസ്.എസും മന്നത്ത് പത്മനാഭനും ഈ രാജാക്കന്‍മാര്‍ക്കൊപ്പമായിരുന്നു. ഈ രാജഭക്തിയാണ് അവര്‍ ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതും. കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്.

We use cookies to give you the best possible experience. Learn more