| Thursday, 18th November 2021, 8:41 pm

പ്രസിഡന്റ് സ്ഥാനം വെറും റബ്ബര്‍ സ്റ്റാമ്പ്; നടക്കുന്നത് പുരുഷാധിപത്യം മാത്രം; ഗുരുതര ആരോപണങ്ങളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗത്തിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ തന്നെ അവിശ്വാസം കൊണ്ടുവന്നതിന് പിന്നാലെ വിവാദങ്ങള്‍ പുകയുന്നു. ലീഗ് നേതാക്കള്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉമ്മു സല്‍മ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമ്മു സല്‍മയുടെ പ്രതികരണം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബ്ബര്‍ സ്റ്റാമ്പാണെന്നാണ് അവര്‍ പറയുന്നത്.

‘എന്റെ ബ്ലോക്ക് പ്രസിഡന്റ് എന്ന പദവിയുടെ രാജിക്ക് വേണ്ടി ദാഹിച്ചു നടക്കുകയാണ് ചില മണ്ഡലം ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളും എന്റെ സഹപ്രവര്‍ത്തകരും. രാജി വെക്കാന്‍ പ്രസിഡന്റ് ചെയ്ത തെറ്റെന്താണെന്നു ചോദിച്ചാല്‍ അതിന് ഉത്തരമില്ല.

പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്തോ? ഇല്ല. ആരുടെ അടുത്ത് നിന്നെങ്കിലും കൈക്കൂലി പ്രസിഡന്റ് വാങ്ങിച്ചോ? ഇല്ല. പൊതുമുതല്‍ ദുരുപയോഗം ചെയ്തോ? ഇല്ല. സ്വജനപക്ഷപാതം കാണിച്ചോ? ഇല്ല. ഇനി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ചെയ്തോ? ഇല്ല. പിന്നെന്തിനാ പ്രസിഡന്റിനോട് രാജി ആവശ്യപ്പെടുന്നത്?’ ഉമ്മു സല്‍മ പോസ്റ്റിലൂടെ ചോദിക്കുന്നു.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും ബിസിനസുകാരായ ചില മെമ്പര്‍മാരുടെ ബിസിനസ് മാത്രമാണ് അവിടെ നടക്കുന്നതെന്നും ഉമ്മു സല്‍മ ആരോപിക്കുന്നു. ഈ മെമ്പര്‍മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാരണ് അവിടെ ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

17 അംഗ ഭരണസമിതിയാണ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസിന് 6ഉം മുസ്‌ലിം ലീഗിന് 6ഉം സി.പി.ഐ.എമ്മിന് 5ഉം മെമ്പര്‍മാരാണ് പഞ്ചായത്തിലുള്ളത്.

ഗുരുതര ആരോപണങ്ങളാണ് ഉമ്മു സല്‍മ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെയും മറ്റ് അംഗങ്ങള്‍ക്ക് എതിരെയും ഉന്നയിക്കുന്നത്. ഇതില്‍ മുസ്‌ലിം ലീഗ് അംഗമായ പ്രസിഡന്റ് ഉമ്മു സല്‍മയ്ക്ക് എതിരെയാണ് യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

അവിശ്വാസ നോട്ടീസില്‍ അടുത്ത ആഴ്ച തന്നെ ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രസിഡന്റ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തുന്നത്.

ഉമ്മു സല്‍മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

#മണ്ണാര്‍ക്കാട്‌ബ്ലോക്ക്പഞ്ചായത്ത് #പ്രസിഡന്റ്സ്ഥാനംവെറുംറബ്ബര്‍സ്റ്റാമ്പ്

പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തൂടെ?, ഉല്‍ഘാടനങ്ങള്‍ നടത്തിക്കൂടെ? ഭരണപരമായ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ടിവിടെ (എന്റെ പുരുഷ സഹപ്രവര്‍ത്തകരുടെ ഭാഷയില്‍) ഇതിനാണോ ഒരു ബ്ലോക്ക് പ്രസിഡന്റിനെ ജനങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്? സ്ത്രീക്ക് മിണ്ടിക്കൂടാ സ്ത്രീക്ക് ബ്ലോക്കില്‍ കാര്യങ്ങള്‍ ചെയ്ത് കൂടാ അതിനെല്ലാം ആണുങ്ങളുണ്ടിവിടെ.

പ്രിയമുള്ളവരേ ഇതാണോ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ ഡ്യൂട്ടി എന്ന് പറയുന്നത്. വാഹനത്തില്‍ യാത്ര ചെയ്യാനും ഉല്‍ഘാടനങ്ങള്‍ നടത്താനുമാണോ ജനങ്ങളായ നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തിട്ടുള്ളത്. അതോ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി, നാടിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനോ.

എന്റെ ബ്ലോക്ക് പ്രസിഡണ്ട് എന്ന പദവിയുടെ രാജിക്ക് വേണ്ടി ദാഹിച്ചു നടക്കുകയാണ് ചില മണ്ഡലം ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളും എന്റെ സഹപ്രവര്‍ത്തകരും. രാജി വെക്കാന്‍ പ്രസിഡന്റ് ചെയ്ത തെറ്റെന്താണെന്നു ചോദിച്ചാല്‍ അതിനു ഉത്തരമില്ല

പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്തോ ഇല്ല, ആരുടെ അടുത്ത് നിന്നെങ്കിലും കൈക്കൂലി പ്രസിഡന്റ് വാങ്ങിച്ചോ ഇല്ല, പൊതു മുതല്‍ ദുരുപയോഗം ചെയ്തോ ഇല്ല, സ്വജന പക്ഷപാതം കാണിച്ചോ ഇല്ല, ഇനി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ചെയ്തോ ഇല്ല.

പിന്നെന്തിനാ പ്രസിഡന്റിനോട് രാജി ആവശ്യപ്പെടുന്നത്?പ്രസിഡന്റിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ വൈകി, പ്രസിഡന്റ് ഒരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ല. ബ്ലോക്കില്‍ വന്നപ്പോള്‍ മൈന്‍ഡ് ചെയ്തില്ല. ഇതിനാണ് ബ്ലോക്ക് പ്രസിഡന്റിനെ മാറ്റുന്നത്, രാജി വേണം, പ്രസിഡന്റ് സ്ഥാനം രാജി വെച്ചെ തീരൂ…. ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്… ബിസിനസ്‌കാരായ ചില മെമ്പര്‍മാരുടെ ബിസിനെസ്സ് മാത്രമാണ് അവിടെ നടക്കുന്നത്.

ഈ മെമ്പര്‍മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും ഉണ്ടവിടെ.. ഈ മെമ്പര്‍മാര്‍ പറഞ്ഞാല്‍ അവര്‍ ലീവെടുക്കുന്നു, ഇവര്‍ പറഞ്ഞാല്‍ അവിടെ കാര്യങ്ങള്‍ നടക്കുന്നു. ചില മെമ്പര്‍മാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ് ചെയ്ത തെറ്റ്.? #പ്രസിഡന്റ്വെറുംറബ്ബര്‍സ്റ്റാമ്പ്.

അവര്‍ പറയുന്ന സ്ഥലത്ത് ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിട്ടു കൊടുക്കുക. ഒപ്പിട്ടു കൊടുക്കുന്ന സമയം എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ പോലും പ്രസിഡന്റിനു അധികാരമില്ല. ഉദ്യോഗസ്ഥന്‍മാരുടെ അടുത്ത് സംസാരിക്കാന്‍ പ്രസിഡന്റിന് അനുവാദമില്ല. പ്രസിഡന്റ് സംസാരിച്ചാല്‍ പ്രസിഡന്റ് ധിക്കാരിയും അഹങ്കാരിയുമായി. ജനാധിപത്യം പണാധിപത്യമായി മാറുന്ന അവസ്ഥ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mannarkkad Block Panchayat Precedent Ummu Salma against Panchayat members and League leaders

We use cookies to give you the best possible experience. Learn more