| Saturday, 26th October 2013, 2:12 pm

മന്നാഡേ- മാനവികതയുടെ മധുരഗാനാലാപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമാ ഗാന ചരിത്രം ഒരു ഗന്ധര്‍വ്വ ഗായകനെ സൃഷ്ടിക്കാന്‍ ബ്രഹ്മാനന്ദനും ജയചന്ദ്രനും അടക്കമുള്ള ഒരുപാട് വ്യത്യസ്ത ഗായകരുടെ വ്യത്യസ്ത ശബ്ദങ്ങളെ നിരാകരിക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ യേശുദാസ് എന്ന ഗായകന്‍ ഹേതുവായിട്ടുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.


ഹൈപ് ആന്‍റ് ടൈഡ്  / ബാബു ഭരദ്വാജ്

മലയാളത്തിന്റെ “” പുയ്യാപ്ലയോ മരുമകനോ ആണ് മന്നാഡേയെന്ന മഹാനായ ഗായകന്‍. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ശോക മധുരമായ വിരഹഗാനം”” മാനസമൈനേ വരൂ..മധുരം നുള്ളിത്തരൂ “” ആലപിച്ചതിലൂടെ മന്നാഡേയെന്ന ഈ ബംഗാളി ഗായകന്‍ മലയാളി മനസ്സുകളില്‍ അനശ്വരനായി.

മലയാള സിനിമയുടെ വര്‍ത്തമാനകാല ചരിത്രത്തിന് ബംഗാളുമായി ഭാവസാന്ദ്രമായ ഒരു ഗാഢബന്ധമുണ്ട്. രാഷ്ട്രീയമായും സാംസ്‌ക്കാരികവുമായി മലയാളി മനസും ബംഗാളി മനസ്സും ഏതൊക്കെയോ തലങ്ങളില്‍ ഗാഢമായി സ്പര്‍ശിക്കുന്നുണ്ട്.

അതുകൊണ്ടായിരിക്കണമല്ലോ കല്‍ക്കത്തയില്‍ നിന്ന് ബോംബെ വഴി കോഴിക്കോട്ടെത്തിയ ബാബുരാജിന്റെ പിതാവ് മലയാള സിനിമാ ഗാനചരിത്രത്തെ ഭാവസാന്ദ്രമാക്കാന്‍ ബാബുരാജെന്ന മഹാനായ ഗായകനും സംഗീത രചയിതാവിനും ജന്മം നല്‍കിയത്.

ബാബുരാജ് കര്‍ണാടക- ഹിന്ദുസ്ഥാനി രാഗങ്ങളുടെ ബാന്ധവത്തിലൂടെ മലയാള സിനിമാ ഗാനങ്ങളെ അനശ്വരതയുടെ അപാര തീരങ്ങളിലേക്ക് നയിച്ചു. അതേ പാരമ്പര്യത്തിന്റെ മറ്റൊരു ധാരയായിരുന്നു കണ്ണൂരിലെ പയ്യാമ്പലത്തെ സുലോചനയെന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച മന്നാഡേ മലയാളത്തിലെ ഏറ്റവും മനോഹരമായ വിധുര-വിരഹ ഗാനം ആലപിക്കാന്‍ ഇടവന്നതും എന്നത് ആലോചനാമൃതമായ ആകസ്മികതയായി മാറുന്നു.

മലയാളി നല്ല സിനിമയെ കണ്ടെത്തുന്നത് സത്യജിത്‌റേയുടേയും ഋത്വിക് ഘട്ടക്കിന്റേയും സിനിമകളില്‍ നിന്നാണ്. മലയാളത്തിന്റെ നവ സിനിമ രൂപം കൊള്ളുന്നത് ബംഗാളിന്റെ മനസിലാണ്. മലയാളിയുടെ കഥപറച്ചിലിന്റെ വഴികാട്ടികള്‍ ശരത്ചന്ദ്ര ചാറ്റര്‍ജിയും ബങ്കിം ചന്ദ്രനും അടക്കമുള്ള വംഗനാട്ടുകാരാണ്.

കേരളത്തിന്റെ ഇടതുപക്ഷ മനസിന് വളക്കൂറ് നല്‍കിയത് ബംഗാളി നവോത്ഥാന പ്രസ്ഥാനങ്ങളാണ്. കുമാരനാശാന്റെ കവിത പുതുവഴികള്‍ പഠിച്ചത് കല്‍ക്കട്ടയിലെ പ്രവാസകാലങ്ങളിലാണ്. ഇതിന്റെയൊക്കെ അര്‍ത്ഥഗര്‍ഭമായ തുടര്‍ച്ച തന്നെയാണ് മന്നേഡേയും.

മന്നാഡേയെ മഹാനായ ഗായകനാക്കുന്നത് സിനിമയും സിനിമാ സംഗീതവുമൊക്കെ വരേണ്യമായ ഒരുപാട് താല്പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അതിനെയൊക്കെ അതിജീവിക്കാന്‍ മന്നാഡേക്ക് കഴിഞ്ഞുവെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട സൂപ്പര്‍ താരങ്ങള്‍ക്കൊക്കെ പാട്ടുപാടാന്‍, അവരുടെ ശബ്ദങ്ങളാവാന്‍ നിയോഗിക്കപ്പെട്ട ഗായകരുള്ളപ്പോഴാണ് മന്നാഡേ തന്റെ സാന്നിധ്യം അറിയിച്ചതെന്നതാണ്.

മന്നാഡേയുടെ ഓരോ പാട്ടിനും കണ്ണീരിന്റെ നനവുണ്ട്. അവഹേളനവും അവഗണനയും തിരസ്‌ക്കാരവും നിറഞ്ഞ ഒരു സംഗീത ജീവിതം ഇത്ര വിപരീത സാഹചര്യങ്ങളിലൂടെയാണ് കരുത്താര്‍ജ്ജിച്ചത്. ആരുടേയും പ്രത്യേക പാട്ടുകാരനാവാതെ ജനങ്ങളുടെ ഗദ്ഗദം തന്റെ ശബ്ദത്തിലൂടെ ആവിഷ്‌ക്കരിച്ചതുകൊണ്ടാണ് മന്നാഡേ അനശ്വരഗായകനാവുന്നത്.

അഭിനേതാവിന് വേണ്ടി പ്രത്യേകം ഗായകരെ അവരോധിക്കുന്ന വിധിവൈപരീത്യം ഹിന്ദിയില്‍ മാത്രമല്ല സംഭവിച്ചത്. മലയാള സിനിമാ ഗാന ചരിത്രം ഒരു ഗന്ധര്‍വ്വ ഗായകനെ സൃഷ്ടിക്കാന്‍ ബ്രഹ്മാനന്ദനും ജയചന്ദ്രനും അടക്കമുള്ള ഒരുപാട് വ്യത്യസ്ത ഗായകരുടെ വ്യത്യസ്ത ശബ്ദങ്ങളെ നിരാകരിക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ യേശുദാസ് എന്ന ഗായകന്‍ ഹേതുവായിട്ടുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

ആ മഹത്തായ മാനവികതയുടെ വിയോഗ ദിനത്തില്‍ പ്രതിരോധിക്കുന്നവരുടേതാണ് ഈ ലോകം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചതിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. തകരാത്ത, തീരാത്ത ഈ ഇച്ഛാശക്തിയ്ക്കും മുന്‍പില്‍ നമിക്കുന്നു.

മാനവികതയുടെ മധുര ഗാനാലാപമായിരുന്നു മന്നാഡേയുടെ ജീവിതം. എസ്.ഡി ബര്‍മനും ശങ്കര്‍ ജയ്കിഷനും ഈ ശബ്ദം ഉപയോഗിച്ചത് മഹത്തായ മാനവിക വികാരങ്ങള്‍ ജനമനസ്സുകളിലേക്ക് പകരാനാണ്. ഏറ്റവും കാലാതിവര്‍ത്തികളായ സിനിമയുടെ പാട്ടുകാരനാവാന്‍ മന്നാഡേക്ക് കഴിഞ്ഞതും അതുകൊണ്ടാണ്.

We use cookies to give you the best possible experience. Learn more