മാനസമൈന കൂടൊഴിഞ്ഞു
India
മാനസമൈന കൂടൊഴിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2013, 8:47 am

[] ബംഗളുരു: ഏഴു പതിറ്റാണ്ടു കാലം ഇന്ത്യന്‍ പിന്നണി ഗാനരംഗത്തെ ചിറകിന്‍ കീഴിലൊതുക്കിയ മന്നാഡെ അന്തരിച്ചു.

ശ്വാസകോശ രോഗങ്ങളെത്തുടര്‍ന്ന് ഏറെനാളായി ബംഗളുരുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ  3.30-നാണ് അന്തരിച്ചത്. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 94 വയസായിരുന്നു.

രാവിലെ 10 മുതല്‍ ബംഗളൂരു രവീന്ദ്രകലാക്ഷേത്രത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12-ന് ബംഗളുരുവില്‍ നടക്കും.

1919 മെയ് ഒന്നിന് കൊല്‍ക്കത്തയിലാണ് പ്രഭോത് ചന്ദ്ര ഡെ എന്ന മന്നാഡെ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

23-ാം വയസില്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. 1976 വരെ ഹിന്ദി ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്നു.

പ്രണയവും വിഷാദവും അലിഞ്ഞു ചേര്‍ന്ന അലൗകികശബ്ദത്തിലൂടെ  ഒന്‍പത് ഭാഷകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം അനശ്വരതയുടെ ഉണര്‍വായി.

ഹിന്ദി, ഗുജറാത്തി, മറാഠി, ബംഗാളി, കന്നഡ, ആസാമീസ്, മലയാളം എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്.

1971-ന്‍ പത്മശ്രീ, 2005-ല്‍ പത്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ഈ പ്രതിഭയെ ആദരിച്ചു. 2007-ല്‍ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹബ്് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

1969-ല്‍ മേരെ ഹുസൂര്‍, 1971-ല്‍ നിഷി പദ്മ, മേരേ നാം ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയതലത്തില്‍ മികച്ച ഗായകനായി. 1972-ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2011-ല്‍ ആജീവനാന്തസേവനത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

കേരളസര്‍ക്കാരിന്റെ പുരസ്‌കാരം, സ്വരലയ യേശുദാസ് അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ അവാര്‍ഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ബംഗവിഭൂഷണ്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ചെമ്മീനിലെ മാനസമൈനേ… എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിലെ പാട്ടിന്റെ ചില്ലയിലും അദ്ദേഹം കൂടു കൂട്ടി. കൂടാതെ നെല്ല് എന്ന ചിത്രത്തില്‍ പി. ജയചന്ദ്രനൊപ്പം ചെമ്പാ ചെമ്പാ എന്ന ഗാനത്തിനും അദ്ദേഹം ശബ്ദം പകര്‍ന്നു.

കണ്ണൂര്‍ സ്വദേശിയായ സുലോചനയാണ് ഭാര്യ. ഷുരോമ, സുമിത എന്നിവര്‍ മക്കളാണ്. 2012-ല്‍ ഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് അദ്ദേഹം പിന്നണിരംഗത്തു നിന്ന് പിന്‍വാങ്ങിയത്. തുടര്‍ന്ന് മുംബൈയില്‍ നിന്നും ബംഗളുരുവിലേയ്ക്ക് താമസം മാറി.