ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാത്തില്‍ രാജ്യത്ത് കളിപ്പാട്ട വ്യവസായത്തിന് പ്രാധാന്യം നല്‍കിയ വിഷയം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കുട്ടികളുടെ വികാസത്തിന് കളിപ്പാട്ടം പ്രധാനമാണെന്നും ഇന്ത്യ കളിപ്പാട്ട നിര്‍മ്മാണത്തില്‍ നേതൃത്വ നിലയില്‍ എത്തണമെന്നുമായിരുന്നു മോദിയുടെ പ്രഖ്യാപനം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഇതിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദി അപ്രതീക്ഷിതമായി കളിപ്പാട്ട വ്യവസായത്തിന് പ്രാധാന്യം കൊടുത്തത് ചര്‍ച്ചകളില്‍ സജീവമാകുകയാണ്.
ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണോ നരേന്ദ്ര മോദി തദ്ദേശീയമായി നിര്‍മ്മിച്ചെടുക്കുന്ന കളിപ്പാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് എന്നതാണ് ഒരു പ്രധാന ചര്‍ച്ച.
കളിപ്പാട്ട വ്യവസായവും ചൈനയും
ലോകത്ത് ഏറ്റവും വലിയ കളപ്പാട്ട നിര്‍മ്മാതാക്കളായ രാജ്യമാണ് ചൈന. ഇവിടെ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ കളിപ്പാട്ടം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ നിര്‍മ്മിക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടെ 70 ശതമാനവും നിര്‍മ്മിക്കപ്പെടുന്നത് ചൈനയിലാണ്.
ചൈനയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്ന വ്യവസായത്തില്‍ ഒന്നുമാണ് ടോയ് മാര്‍ക്കറ്റ്.25 ബില്ല്യണ്‍ മൂല്യം വരുന്ന കളിപ്പാട്ടമാണ് ചൈന 2018ല്‍ മാത്രം കയറ്റുമതി ചെയ്തത്. കളിപ്പാട്ടങ്ങള്‍ക്ക് പുറമെ അലങ്കാര വസ്തുക്കളുടെയും മാര്‍ക്കറ്റ് ചൈനയുടെ കൈപ്പിടിയിലാണ്.
ഇന്ത്യയിലെ കളിപ്പാട്ട ഇറക്കുമതി
ഇന്ത്യയിലെ 80 ശതമാനം കളിപ്പാട്ടങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കളിപ്പാട്ട നിര്‍മ്മാണ മേഖലയില്‍ സജീവമാകാന്‍ ഇന്ത്യ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇവയൊന്നും വിജയം കണ്ടിട്ടില്ല.
1998ല്‍ ഉത്തര്‍പ്രദേശില്‍ കളിപ്പാട്ട നിര്‍മ്മാണം വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ടോയ് സിറ്റി പ്രൊജക്റ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ആരംഭിച്ച ഈ പ്രൊജക്റ്റിന് 100 ഏക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.
ചൈനീസ് ഉത്പന്നങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ഈ മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി വിചാരിച്ച ഫലം കണ്ടില്ല. കേന്ദ്ര ബജറ്റില്‍ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുവ 20 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി രാജ്യം വര്‍ദ്ധിപ്പിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ തുടരവെയാണ് മോദി കളിപ്പാട്ട നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെ ചൈനയില്‍ നിന്നുള്ള നിരവധി ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനം എര്‍പ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PM Modi mann ki baath, is toy hub project of India a warning for china