ലഖ്‌നൗ: ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിന്റെ കാലം കഴിഞ്ഞെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള സംസാരത്തിനിടക്കാണ് അഖിലേഷ് യാദവ് നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
ഉത്തര്‍പ്രദേശിലെ 80ല്‍ 79 സീറ്റുകളിലും ഇന്ത്യാ സഖ്യം വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
‘ക്യോട്ടോ (ജപ്പാന്‍) പോലെ വരണാസിയെ മാറ്റുമെന്ന് പ്രധാനമന്ത്രി കാശിയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നത് കാശിയിലെ ജനങ്ങള്‍ തീരുമാനിക്കും,’ അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ ക്യോട്ടോ നഗരത്തിന്റെ മാതൃകയില്‍ വാരണാസിയെ തന്റെ സര്‍ക്കാര്‍ വികസിപ്പിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാരാണസിയെ ക്യോട്ടോ മാതൃകയിലുള്ള സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള കരാറില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഒപ്പുവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് ഇത്തവണ ‘മന്‍ കീ ബാത്ത്’ നടപ്പാകില്ലെന്നും 140 കോടി ജനങ്ങളും ഭരണഘടനയും പറയുന്നത് അവര്‍ കേള്‍ക്കേണ്ടി വരുമെന്നും അഖിലേഷ് പറഞ്ഞു.
‘എത്രയധികം ചര്‍ച്ചകള്‍ നടക്കുന്നുവോ അത്രയധികം നമ്മള്‍ മറ്റുള്ളവരെ ശ്രദ്ധിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്നു, നമ്മുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. ബി.ജെ.പി നമ്മുടെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു.’ അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മ വലിയൊരു പ്രശ്‌നമായികൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവരാണ് ഇന്ത്യാ സഖ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.