| Sunday, 30th August 2020, 1:45 pm

'എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക'; കൊവിഡ് വ്യാപനം തീവ്രമാകുമ്പോഴും രാജ്യരക്ഷയ്ക്ക് പുതിയ പദ്ധതികളൊന്നുമില്ലാതെ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പട്ടികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും അപകടസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും പട്ടികള്‍ക്ക് കഴിയും.

അതുകൊണ്ട് അടുത്ത തവണ വീട്ടില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യന്‍ ബ്രീഡായ ഒരു പട്ടിയെ തെരഞ്ഞെടുത്ത് വാങ്ങണമെന്നും നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പറഞ്ഞു.

രാജ്യത്തെ കളിപ്പാട്ട വ്യവസായം വളരണമെന്നും ഇന്ത്യയ്ക്ക് ഒരു ടോയ് ഹബ്ബായി മാറാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസ നയം കളിപ്പാട്ടം സ്വയമുണ്ടാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നതാണെന്നും മോദി പറഞ്ഞു. കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കേണ്ടതിന്റെ ആവശ്യകതയും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കണ്ടുപിടുത്തങ്ങളുടെ രാജ്യമായാണ് അറിയപ്പെടുന്നതെന്നും പുതിയ ആവിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യം കടുത്ത കൊവിഡ് ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ ഇതിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് മോദി മന്‍കീ ബാത്തില്‍ കൂടുതലൊന്നും പരാമര്‍ശിച്ചില്ല. രാജ്യത്ത് ഇന്ന് 78760 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ദ്ധനയാണിത്. 35,42,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more