| Sunday, 22nd July 2018, 2:27 pm

പൊങ്ങച്ചം പറച്ചിലും ആത്മ പ്രശംസയും കൊണ്ട് രാജ്യത്തിന്റെ നയരൂപീകരണം നടത്താന്‍ കഴിയില്ല; മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാജ്യത്തിന് ആവശ്യം കൃത്യമായ നയരൂപീകരണമാണെന്നും മോദിയുടെ പൊങ്ങച്ചങ്ങളും ആത്മപ്രശംസയും കൊണ്ട് ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്‍മോഹന്‍ ഇത്തരത്തില്‍ തുറന്നടിച്ചത്.
ഇന്ത്യയുടെ വികസനത്തിനും സാമുഹിക ക്ഷേമത്തിനുമായി രാഹുല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്‍മോഹന്‍സിംഗിന്റെ ഈ പരാമര്‍ശം. പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിപ്പോയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ത്തത്.


ALSO READ: ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; പരാജയഭീതിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നതെന്നും സോണിയാ ഗാന്ധി


കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മോദിക്കെതിരെ സമാനമായ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. ഇതിനെതിരെ മോദി ശക്തമായി തിരിച്ചടിച്ചിരുന്നു. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ എല്ലാമറിയുന്ന ധനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ത്തെറിഞ്ഞുവെന്നും ആ സമ്പദ് വ്യവസ്ഥയാണ് താന്‍ ഇപ്പോള്‍ നയിക്കുന്നതെന്നുമാണ് മോദി അന്ന് മറുപടി നല്‍കിയത്.

സമാനമായ അഭിപ്രായവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആലങ്കാരിക പ്രസംഗം ഇതിന്റെ പ്രതിഫലനമാണെന്നും തീവ്രനൈരാശ്യത്തിന്റെ ലക്ഷണമാണെന്നുമാണ് സോണിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ പറഞ്ഞത്.

We use cookies to give you the best possible experience. Learn more