മന്‍മോഹന്‍സിംഗ് വീണ്ടും പാര്‍ലമെന്റിലെത്തും; തമിഴ്‌നാട്ടിലെ സീറ്റില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്, അനുകൂല നിലപാടുമായി ഡി.എം.കെ
national news
മന്‍മോഹന്‍സിംഗ് വീണ്ടും പാര്‍ലമെന്റിലെത്തും; തമിഴ്‌നാട്ടിലെ സീറ്റില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്, അനുകൂല നിലപാടുമായി ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2018, 5:17 pm

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കെത്തിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ആസാമില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് മന്‍മോഹന്‍സിംഗ്.

മന്‍മോഹന്‍ സിംഗിന് തമിഴ്‌നാട്ടിലെ ഒരു രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ ഡി.എം.കെയ്ക്ക് അനുകൂല നിലപാടാണ് ഉള്ളത്. ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന് ഉറപ്പുള്ള സീറ്റുകളാണ്.

അടുത്ത വര്‍ഷത്തോടെ മന്‍മോഹന്‍സിംഗിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കും. ആസാമിലെ രാജ്യസഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്കാണ് വിജയ സാധ്യത.

ALSO READ: മഹാസഖ്യത്തോടൊപ്പം; നിലപാട് വ്യക്തമാക്കി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ; “രാഹുല്‍ പ്രധാനമന്ത്രി കസേരയിലിരിക്കും”

അതേസമയം ഇത് സംബന്ധിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു മന്‍മോഹന്‍സിംഗിന്റെ മറുപടിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

“ആസാമില്‍ നിന്ന് മന്‍മോഹന്‍സിംഗിന് ജയിക്കാനാവശ്യമായ വോട്ട് കിട്ടുമെന്ന് തോന്നുന്നില്ല. അതിനാല്‍ കോണ്‍ഗ്രസ് മിക്കവാറും ഉന്നം വെക്കുന്നത് തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റായിരിക്കും. ഡി.എം.കെ നേതാക്കള്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്”- ഡി.എം.കെ നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്‍മോഹന്‍സിംഗിനെ രാജ്യസഭയില്‍ തുടര്‍ന്നും പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആവശ്യം. അതേസമയം ഇത് സംബന്ധിച്ച വാര്‍ത്തയോട് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READ: മമതാ സര്‍ക്കാറിന് തിരിച്ചടി; ബംഗാളില്‍ ബി.ജെ.പി രഥയാത്രയ്ക്ക് ഹൈക്കോടതി അനുമതി

“രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ പറയാനായിട്ടില്ല. ഹൈക്കമാന്റ് ഇത് സംബന്ധിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല. രാഹുല്‍ എന്താണോ പറയുന്നത് അത് ഞങ്ങള്‍ അനുസരിക്കും.” തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരുനാവുക്കര്‍സാര്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് മാത്രമാണ് കോണ്‍ഗ്രസിനുള്ള ഏകപ്രതീക്ഷ. തമിഴ്‌നാട്ടില്‍ നിന്ന് കാലാവധി അവസാനിക്കുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ 4 സീറ്റ് എ.ഐ.എ.ഡി.എം.കെയ്ക്കും ഒരെണ്ണം വീതം ഡി.എം.കെയ്ക്കും, സി.പി.ഐയ്ക്കുമാണുള്ളത്.

ALSO READ: സുവര്‍ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി; ആമസോണ്‍ വീണ്ടും വിവാദത്തില്‍

നിലവില്‍ ഡി.എം.കെയുടെ എം.പി പാര്‍ട്ടി അധ്യക്ഷന്റെ സഹോദരിയായ കനിമൊഴിയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനിമൊഴി മത്സരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. തൂത്തുക്കുടിയില്‍ നിന്നായിരിക്കും കനിമൊഴി ജനവിധി തേടുകയെന്ന് ഡി.എം.കെയിലെ മറ്റൊരു നേതാവും സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് തവണയും (2007,2013) രാജ്യസഭാ സീറ്റില്‍ നിന്നാണ് കനിമൊഴി പാര്‍ലമെന്റിലെത്തിയത്.

WATCH THIS VIDEO: