മന്‍മോഹന്‍ സിംഗിന് കീഴില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നു; സാമ്പത്തിക ശക്തിയാക്കിയത് മോദിയാണെന്ന്  ബി.ജെ.പി
Economic Crisis
മന്‍മോഹന്‍ സിംഗിന് കീഴില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നു; സാമ്പത്തിക ശക്തിയാക്കിയത് മോദിയാണെന്ന്  ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 7:49 am

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന്  പറഞ്ഞ മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന് മറുപടിയുമായി ബി.ജെ.പി. മന്‍മോഹന്‍സിംഗിന് കീഴില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നെന്നും മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്നും ബി.ജെ.പി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഴിമതിയും സ്വജനപക്ഷ പാതവും നടത്താന്‍ മന്‍മോഹന്‍സിംഗിനെ ഒരു പാവയെപ്പോലെയാണ് ഉപയോഗിച്ചിരുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

‘മന്‍മോഹന്‍ സിംഗ് ഒരു സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്നിലെ പ്രവര്‍ത്തകര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു. അതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയോട് എത്ര വലിയ അനീതിയാണ് അദ്ദേഹം കാട്ടിയത്. ബി.ജെ.പി വക്താവ് സംബിത് പത്ര വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

ജി.എസ്.ടിയിലൂടെയും നികുതി പരിഷ്‌ക്കരണത്തിലൂടെയും മോദി സര്‍ക്കാര്‍ ആറ് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ശക്തമായ അടിത്തറയിട്ടെന്നും സംബിത് പത്ര പറഞ്ഞു. മോദിയുടെ സാമ്പത്തിക നയത്തിന്റെ ഫലമായി ലോകത്തെ അഞ്ചു സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നുമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോപണം. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും മന്‍മോഹന്‍സിംഗ് വിമര്‍ശിച്ചിരുന്നു.

‘മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിര്‍മിതമാണ്.’ മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.