| Monday, 10th June 2019, 9:48 am

മന്‍മോഹന്‍ സിങ് തമിഴകത്ത് നിന്ന് രാജ്യസഭയിലേക്ക് ?; സ്റ്റാലിനുമായി രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ തമിഴനാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള നീക്കം സജീവം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും ഇന്ന് നേരിട്ടു ചര്‍ച്ച നടത്തും.

അസമില്‍ നിന്നും രാജ്യസഭയിലെത്തിക്കാന്‍ ആവശ്യമായ നിയമസഭാംഗങ്ങളുടെ അംഗബലം കോണ്‍ഗ്രസിനില്ലാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിക്കാന്‍ ഡി.എം.കെ.യുടെ സഹായം തേടിയിരിക്കുന്നത്.

ജൂലായ് 24-ന് തമിഴ്‌നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവരും. എം.എല്‍.എമാരുടെ എണ്ണം അനുസരിച്ച് മൂന്നുവീതം സീറ്റുകള്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ സഖ്യങ്ങള്‍ക്കു ലഭിക്കും. ഡി.എം.കെ സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ സിങ്ങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

രാജ്യസഭാ സീറ്റിനു പകരം അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് വിട്ടുനല്‍കാമെന്നാണ് കോണ്‍ഗ്രസ് ഡി.എം.കെയ്ക്കു മുന്നില്‍വെച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എം.എല്‍.എമാര്‍ മാത്രമാണുള്ളത്.

1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സിങ്ങിന്റെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍നിന്ന് ഡി.എം.കെ. സ്ഥാനാര്‍ഥിയായി വിജയിച്ച കനിമൊഴി, സി.പി.ഐ. നേതാവ് ഡി. രാജ, എ.ഐ.എ.ഡി.എം.കെ. നേതാവ് വി. മൈത്രേയന്‍ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലായില്‍ അവസാനിക്കുന്നത്.

അസമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി, അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍എയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 12 എം.എല്‍.എമാരുമുണ്ട്.

ജൂണ്‍ ഏഴിനാണ് അസം നിയമസഭ രണ്ട് രാജ്യസഭാ സീറ്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഒരു സീറ്റിലേക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്ന കാര്യം ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നാണ് അസം ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. രണ്ടാമത്തെ അംഗത്തെ അസം ഗണ പരിഷത്താണ് തീരുമാനിക്കുക.

We use cookies to give you the best possible experience. Learn more