ന്യൂദല്‍ഹി: കല്‍ക്കരിപാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. കേസില്‍ ഏപ്രില്‍ 8ന് കോടതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിലെ മറ്റ് പ്രതികളായ മുന്‍ കോള്‍ സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമര മംഗളം ബിര്‍ള തുടങ്ങിയ പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ താലിബറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോക്ക് നിയമ വിരുദ്ധമായി ഖനനത്തിനുള്ള അഴിമതി നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 20ന് സി.ബി.ഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കമ്പനിയായ ഹിന്‍ഡാല്‍കോ കോള്‍ പാടം അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അനുവദിക്കപ്പെടുകയായിരുന്നു.
നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ടിരുന്ന 214 കല്‍ക്കരിപാടങ്ങള്‍ക്കുള്ള അഴിമതി സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു.