| Monday, 8th July 2019, 7:38 pm

'രാഹുലിന് വേണ്ടി സമയം പാഴാക്കി';നേതൃത്വം ഏല്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയകുഴപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷനും രാജിവെച്ചതോടെ
ആശയകുഴപ്പത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. പിന്നാലെ നേതൃത്വം ആര് ഏറ്റെടുക്കുമെന്ന ചോദ്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എന്നാല്‍ പഴയ പാര്‍ട്ടിയെ എത്രയും പെട്ടെന്ന് പുനസംഘടിപ്പിക്കണമെന്നും രാഹുലിനെ രാജിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച് ഒരു മാസം പാഴാക്കിയെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ് രംഗത്തെത്തി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനും കരണ്‍സിംഗ് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഭാവി നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ എത്രയും വേഗം യോഗം ചേരണമെന്നും രാഹുലിന്റെ രാജിയെതുടര്‍ന്ന് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലായെന്നും കരണ്‍സിംഗ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി രാജിവച്ചതിനുശേഷം പാര്‍ട്ടിയിലെ ആശയക്കുഴപ്പവും കണ്ട് ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ മാനിക്കുന്നതിനുപകരം ഒരു മാസം പാഴായിപ്പോയി എന്നാണ് കരുതുന്നത്.’ കരണ്‍സിംഗ് പറഞ്ഞു.

എന്നാല്‍ പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിംഗ് വര്‍മ രംഗത്തെത്തിയിരുന്നു. പ്രിയങ്കക്ക് പോരാട്ട മനോഭാവമുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അതാണ് ആവശ്യമെന്നും ചൂണ്ടികാട്ടിയായിരുന്നു സഞ്ജന്‍ സിംഗ് വര്‍മയുടെ നിര്‍ദേശം. അതേ സമയത്ത് തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് യുവനേതാവാകണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാവുന്നുണ്ട്. പ്രിയങ്കയും നേരത്തെ അത് നിര്‍ദേശിച്ചിരുന്നു.

നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുലും വ്യക്തമാക്കിയതോടെ ഇതോടെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ആര് എ്ത്തുമെന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പതിരോധത്തിലാക്കുകയാണ്.

We use cookies to give you the best possible experience. Learn more