Advertisement
COVID-19
ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; കൊവിഡിനെ നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മന്‍മോഹന്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 12:33 pm
Sunday, 18th April 2021, 6:03 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞു.

മന്‍മോഹന്‍ സിംഗിന്റെ കത്തിലെ അഞ്ച് നിര്‍ദേശങ്ങള്‍:-

സമയാസമയങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് ഉറപ്പു വരുത്താനായി, അടുത്ത ആറു മാസത്തിനിടെ എത്ര വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്ന കണക്ക് പ്രസിദ്ധപ്പെടുത്തണം.

വാക്‌സിനുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ ലഭ്യമാക്കണം.

വാക്‌സിന്‍ഷന്‍ എടുക്കുന്നവരുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് കൂടി കൈമാറണം.

പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം.

വാക്‌സിന്‍ ക്ഷാമം നേരിട്ടാല്‍ വിശ്വസനീയമായ ഏജന്‍സികളുടെ അനുമതി ലഭിച്ച വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യണം.

അതേസമയം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.

കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു.

1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manmohan Singh writes to PM Modi, gives 5 suggestions to tackle Covid-19 crisis