ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും ആസാം കോണ്‍ഗ്രസ് എം.പി സാന്റിയസ് കുജൂറിനേയും ആസാമില്‍ നിന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യില്ലെന്ന് കോണ്‍ഗ്രസ്. ജൂണ്‍ 14ന് ഇരുവരുടെയും രാജ്യസഭയിലെ കാലാവധി അവസാനിക്കുകയാണ്.
‘ഇത്തവണ കോണ്‍ഗ്രസ് ആരെയും നാമനിര്‍ദേശം ചെയ്യില്ല.’ ആസാം കോണ്‍ഗ്രസ് വക്താവ് അപൂര്‍ബ കുമാര്‍ ഭട്ടാചാര്യ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
‘സഭയില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതാണ് കാരണം’ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നും മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധ്യതയുണ്ട്. 1991 മുതല്‍ ആസാമിന്റെ പ്രതിനിധിയായി മന്‍മോഹന്‍ സിങ് രാജ്യസഭയിലുണ്ട്. 2013 മെയ് 30നാണ് അദ്ദേഹം ഏറ്റവുമൊടുവിലായി തെരഞ്ഞെടുക്കപ്പെട്ടത്.
ആസാമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി, ആസാം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍എയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 12 എം.എല്‍.എമാരുമുണ്ട്.
ജൂണ്‍ 7നാണ് ആസാം നിയമസഭ രണ്ട് രാജ്യസഭാ സീറ്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഒരു സീറ്റിലേക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്ന കാര്യം ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നാണ് ആസാം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. രണ്ടാമത്തെ അംഗത്തെ അസം ഗണ പരിഷത്താണ് തീരുമാനിക്കുക.