| Wednesday, 29th May 2019, 8:39 am

ആസാം കൈവിട്ടു; മന്‍മോഹന്‍ സിങ്ങിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലെത്തിക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജൂണ്‍ 14ന് കാലാവധി കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ആസാം നിയമസഭയില്‍ നിന്നും വീണ്ടും ജയിപ്പിക്കാന്‍ ആവശ്യമായ അംഗബലം കോണ്‍ഗ്രസിനില്ലാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിക്കാന്‍ ഡി.എം.കെ.യുടെ സഹായം തേടിയിരിക്കുന്നത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും ആസാം കോണ്‍ഗ്രസ് എം.പി സാന്റിയസ് കുജൂറിനേയും ആസാമില്‍ നിന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യില്ലെന്ന് ആസാം കോണ്‍ഗ്രസ് വക്താവ് അപൂര്‍ബ കുമാര്‍ ഭട്ടാചാര്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് തിരക്കിട്ട നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടില്‍ ജൂലായില്‍ ഒഴിവുവരുന്ന ആറുസീറ്റുകളില്‍ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡി.എം.കെ. സഖ്യത്തിനുണ്ട്. അതില്‍ ഒന്നാണ് മന്‍മോഹന്‍ സിങ്ങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍നിന്ന് ഡി.എം.കെ. സ്ഥാനാര്‍ഥിയായി വിജയിച്ച കനിമൊഴി, സി.പി.ഐ. നേതാവ് ഡി. രാജ, എ.ഐ.എ.ഡി.എം.കെ. നേതാവ് വി. മൈത്രേയന്‍ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലായില്‍ അവസാനിക്കുന്നത്.

ആസാമില്‍ നിന്നും മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലെത്തിക്കാന്‍ സാധ്യമല്ലെന്ന് ഉറപ്പായതിന് പിന്നാലെ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നും മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ നീക്കമുണ്ടായിരുന്നു.

ആസാമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി, ആസാം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഖ്യത്തിന് 87 അംഗങ്ങളുമുണ്ട്. കൂടാതെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എല്‍എയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 12 എം.എല്‍.എമാരുമുണ്ട്.

ജൂണ്‍ 7നാണ് ആസാം നിയമസഭ രണ്ട് രാജ്യസഭാ സീറ്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഒരു സീറ്റിലേക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്ന കാര്യം ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെന്നാണ് ആസാം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. രണ്ടാമത്തെ അംഗത്തെ അസം ഗണ പരിഷത്താണ് തീരുമാനിക്കുക.

We use cookies to give you the best possible experience. Learn more