| Saturday, 26th September 2020, 10:28 am

'കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്'; മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിറന്നാളാംശസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.

മന്‍മോഹന്‍ സിംഗിനെപ്പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.

അര്‍പ്പണബോധമുള്ള നേതാവിന്റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിന്റെ പ്രധാനലക്ഷ്യം. ഓരോ ഇന്ത്യന്‍ പൗരന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ അര്‍പ്പണബോധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുന്നു- കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം മന്‍മോഹന്‍ സിംഗിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ ഹാര്‍ദിക് പട്ടേലും മന്‍മോഹന്‍ സിംഗിന് ആശംസകളുമായെത്തിയിരുന്നു. രാജ്യത്ത് സദ്ഭരണം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മന്‍മോഹന്‍ എന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

1932 സെപ്റ്റംബര്‍ 26ന് പാകിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ.മന്‍മോഹന്‍ സിംഗിന്റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു.

1991ല്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്‍മോഹന്‍സിംഗ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ സമയത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പാക്കിയത്.

പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജനാണ് മന്‍മോഹന്‍സിംഗ്. കൂടാതെ നെഹ്‌റുവിനുശേഷം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  rahul gandhi tweet birthday wishes to manmohan singh

We use cookies to give you the best possible experience. Learn more