ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കും. പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുര്‍ദാസ് പുര്‍ ജില്ലയിലെ ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്.
നവംബര്‍ ഒന്‍പതിന് നടക്കുന്ന ചടങ്ങിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ക്ഷണം സ്വീകരിക്കുകയായിരുന്നു മന്‍മോഹന്‍സിങ്. സുല്‍ത്താന്‍പുര്‍ ലോധിയില്‍ ഇന്ത്യ നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പാകിസ്താനിലെ കര്‍താര്‍ പുര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതാണ് കര്‍താര്‍ പുര്‍ ഇടനാഴി. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടനത്തിന് പെര്‍മിറ്റ് എടുത്താല്‍ മതിയാവും.
പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചടങ്ങിലേക്ക് മന്‍മോഹനെ ക്ഷണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മന്‍മോഹന്‍ പ്രതികരിച്ചിരുന്നില്ല.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്ഥാനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്ന് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖുമതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര.