| Saturday, 18th May 2019, 2:44 pm

നിശബ്ദനായ പ്രധാനമന്ത്രിയെന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്; പക്ഷേ മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിയുണ്ടായിരുന്നില്ല; മോദിയെ കൊട്ടി മന്‍മോഹന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കാറുള്ള ‘സൈലന്റ് പി.എം’ എന്ന പരാമര്‍ശത്തിന് മന്‍മോഹന്‍ സിങ്ങിന്റെ മറുപടി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രിയായിരുന്നില്ല താന്‍ എന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

‘ഞാന്‍ നിശബ്ദമായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറയാറുണ്ട്. അവര്‍ക്കുള്ള മറുപടി ആ പേജുകളില്‍ (ചെയ്ഞ്ചിങ് ഇന്ത്യ എന്ന പുസ്തകത്തില്‍) ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. ഞാന്‍ സ്ഥിരമായി മാധ്യമങ്ങളെ കാണുന്നുണ്ട്. എല്ലാ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഞാന്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനം നടത്താനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭയം ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ് മോദിയെ കൊട്ടി രംഗത്തുവന്നിരിക്കുന്നത്.

2014ല്‍ അധികാരത്തിലെത്തിയതിനുശേഷം മോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിരുന്നില്ല. കഴിഞ്ഞദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയും പങ്കെടുത്തിരുന്നു.

എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

അമിത് ഷായ്‌ക്കൊപ്പമാണ് മോദി വാര്‍ത്താ സമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ചശേഷം ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ മിണ്ടാതിരിക്കുകയാണ് ചെയ്തത്.

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയും ചെയ്തു.

We use cookies to give you the best possible experience. Learn more