| Monday, 7th August 2023, 11:16 pm

ദല്‍ഹി ബില്‍ ചര്‍ച്ചക്കിടെ വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി മന്‍മോഹന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ദല്‍ഹി ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ രാജ്യസഭയിലെത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വീല്‍ചെയറിലാണ് ദല്‍ഹി ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ 2023 ചര്‍ച്ച ചെയ്യുന്ന നിര്‍ണായക രാജ്യസഭാ സമ്മേളനത്തില്‍ മന്‍മോഹന്‍ സിങ് പങ്കെടുക്കാനെത്തിയത്.

വീല്‍ച്ചെയര്‍ കൊണ്ടുവരാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന് നേരത്തെ പിന്‍നിരയിലിലേക്ക് സീറ്റ് അനുവദിച്ചിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് ഇടവേളക്ക് ശേഷമാണ് സഭയിലെത്തിയത്.

അതിനിടെ, ദല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷത്തിന്റെ വലിയ വിമര്‍ശനമാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും ഫെഡറലിസത്തിന്റെ എല്ലാ തത്വങ്ങളേയും വെല്ലുവിളിക്കുന്നതാണെന്നും പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.

അതേസമയം, മുന്‍ സുപ്രീം കോടതി ജഡ്ജിയും ബി.ജെ.പി എം.പിയുമായ രഞ്ജന്‍ ഗോഗോയ് ബില്ലിനെ അനുകൂലിച്ച് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നു.

രഞ്ജന്‍ ഗൊഗോയിക്കെതിരായ 2019ലെ ലൈംഗിക ആരോപണക്കേസ് മുന്‍നിര്‍ത്തിയാണ് പ്രതിഷേധമുണ്ടായത്. നാല് വനിതാ എം.പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജയ ബച്ചന്‍, പ്രിയങ്ക ചതുര്‍വേദി, വന്ദന ചവാന്‍, സുസ്മിത ദേവ് എന്നിവരാണ്  ഇറങ്ങിപ്പോയത്.

Content Highlight: Manmohan Singh reached the Rajya Sabha in a wheelchair during the Delhi Bill debate

We use cookies to give you the best possible experience. Learn more