ന്യൂദല്‍ഹി: ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ദല്‍ഹി ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ രാജ്യസഭയിലെത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വീല്‍ചെയറിലാണ് ദല്‍ഹി ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ 2023 ചര്‍ച്ച ചെയ്യുന്ന നിര്‍ണായക രാജ്യസഭാ സമ്മേളനത്തില്‍ മന്‍മോഹന്‍ സിങ് പങ്കെടുക്കാനെത്തിയത്.
വീല്‍ച്ചെയര്‍ കൊണ്ടുവരാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന് നേരത്തെ പിന്‍നിരയിലിലേക്ക് സീറ്റ് അനുവദിച്ചിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് ഇടവേളക്ക് ശേഷമാണ് സഭയിലെത്തിയത്.
അതിനിടെ, ദല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.