| Monday, 23rd September 2019, 11:25 pm

'ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഫയല്‍, ചിദംബരം മാത്രം എങ്ങനെ കുറ്റക്കാരനാവും'; ആശങ്കയറിയിച്ച് മന്‍മോഹന്‍സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ കസ്റ്റഡിയില്‍ കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സിയെയും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതിലെ ആശങ്കയും അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങളുടെ സഹപ്രവര്‍ത്തകനായ പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വ്യക്തിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. എല്ലാ തീരുമാനങ്ങളും ഫയലില്‍ സൂക്ഷിക്കുന്ന കൂട്ടായ തീരുമാനങ്ങളാണ് ‘ എന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്.

ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ പരിശോധിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തതാണെന്നും പിന്നീട് ചിദംബരം ഏകകണ്ഠമായ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റിയില്ലെങ്കില്‍ ശുപാര്‍ശ അംഗീകരിച്ച മന്ത്രി എങ്ങനെ കുറ്റം ചെയ്തതായി ആരോപിക്കുമെന്ന് മനസ്സിലായില്ലെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

കേസില്‍ നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.

മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പി.ചിദംബരത്തെ ഇന്ന് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഇവരുടെ സന്ദര്‍ശനം തനിക്കു ലഭിച്ച ആദരവായാണ് കാണുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

ചിദംബരത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ചിദംബരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more